Keam Admission 2025: കീം 2025; പ്രവേശനം പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച് സർക്കാർ, വിദ്യാർഥികൾ സുപ്രീം കോടതിയിൽ
KEAM 2025 Application Deadline Extension: പുതിയ ഫോർമുല അനുസരിച്ചുള്ള റാങ്ക് പട്ടിക സിംഗിൾ ബെഞ്ചിന് പിന്നാലെ ഡിവിഷൻ ബെഞ്ചും തള്ളിയെങ്കിലും അപ്പീൽ പോകേണ്ടെന്നായിരുന്നു സർക്കാർ നിലപാട്. ഇതോടെയാണ് ഒരു വിഭാഗം വിദ്യാർഥികൾ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നാളെ (ജൂലൈ 14) സുപ്രീംകോടതിയെ സമീപിക്കും. റാങ്ക് പട്ടിക പുതുക്കിയതിനെ തുടർന്ന് പിന്നോട്ടുപോയ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്നാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുന്നത്. പുതിയ ഫോർമുല അനുസരിച്ചുള്ള റാങ്ക് പട്ടിക സിംഗിൾ ബെഞ്ചിന് പിന്നാലെ ഡിവിഷൻ ബെഞ്ചും തള്ളിയെങ്കിലും അപ്പീൽ പോകേണ്ടെന്നായിരുന്നു സർക്കാർ നിലപാട്. ഇതോടെയാണ് ഒരു വിഭാഗം വിദ്യാർഥികൾ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
അതേസമയം, കീം റാങ്ക് ലിസ്റ്റ് പ്രകാരമുള്ള പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി അനുവദിച്ചിരിക്കുന്നത് ഓഗസ്റ്റ് 15 വരെയാണ്. ഇത് ഒരു മാസം കൂടി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐസിടിഇയെ സമീപിച്ചിരിക്കുകയാണ് സർക്കാർ. നിലവിലെ സമയപരിധി അവസാനിക്കാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് സർക്കാർ നീക്കം.
ഡിവിഷൻ ബെഞ്ചിന്റെ നിർദേശ പ്രകാരം കീം പരീക്ഷയുടെ പുതിക്കിയ ഫലം പ്രസിദ്ധീകരിച്ചതോടെ ആദ്യ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി ഏഴാം റാങ്കിലെത്തി. ആദ്യ 100 റാങ്കിൽ 21 പേർ മാത്രമാണ് കേരള സിലബസിൽ നിന്നുള്ളത്. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിൽ ആദ്യ നൂറിൽ 43 കേരളം സിലബസ് വിദ്യാർഥികൾ ഉണ്ടായിരുന്നു. രണ്ടാം റാങ്കിൽ മാറ്റമില്ലെങ്കിലും മൂന്നാം റാങ്കുകാരാണ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എട്ടാം റാങ്കിലുണ്ടായിരുന്ന കേരളം സിലബസ് വിദ്യാർത്ഥിയുടെ റാങ്ക് 185 ആയി. നിലവിൽ ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസും രണ്ടാം റാങ്ക് എറണാകുളം സ്വദേശി ഹരികേഷൻ ബൈജുവുമാണ്.
പുതിയ ഫോർമുല പ്രകാരമുള്ള കീം ആദ്യ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും അംഗീകരിച്ചതോടെയാണ് പഴയ ഫോർമുല പിന്തുടർന്ന് പുതിയ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.