KEAM 2026: കീം 2026 അപേക്ഷ നിരസിക്കപ്പെട്ടാല്‍ എങ്ങനെ അറിയാം? സംശയങ്ങള്‍ക്ക് ഇവിടെ ഉത്തരമുണ്ട്
KEAM 2026 FAQ: കീം അപേക്ഷകള്‍ അയക്കുന്ന തിരക്കിലാണ് വിദ്യാര്‍ത്ഥികള്‍. അപേക്ഷകള്‍ അയക്കുമ്പോള്‍ സ്വഭാവികമായും നിരവധി സംശയങ്ങളും വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകാം. അവയില്‍ ചിലത് പരിശോധിക്കാം.

KEAM 2026
കീം (കേരള എഞ്ചിനീയറിങ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍) അപേക്ഷകള്‍ അയക്കുന്ന തിരക്കിലാണ് വിദ്യാര്‍ത്ഥികള്‍. അപേക്ഷകള്‍ അയക്കുമ്പോള്‍ സ്വഭാവികമായും നിരവധി സംശയങ്ങളും വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകാം. അവയില്‍ ചിലത് ഇവിടെ പരിശോധിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന സംശയം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് 5 ഘട്ടങ്ങളുണ്ട്. രജിസ്ട്രേഷൻ, അപേക്ഷ പൂരിപ്പിക്കല്‍, ഫീസ് അടയ്ക്കല്‍, ഇമേജുകളും സര്‍ട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യല്‍, പ്രിന്റ് എടുക്കല്‍ എന്നിവയാണത്.
ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ എല്ലാ നടപടിക്രമങ്ങളും ഒരുമിച്ച് പൂര്‍ത്തിയാക്കേണ്ടതുണ്ടോയെന്നാണ് മറ്റൊരു സംശയം. ഒറ്റ ഘട്ടത്തിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതില്ല. ഓരോ ഘട്ടവും വ്യത്യസ്ത സമയങ്ങളിൽ പൂർത്തിയാക്കാം. എന്നാൽ വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നിശ്ചിത സമയത്തിന് മുമ്പ് എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കണം. മറ്റ് ചില സംശയങ്ങള്‍ പരിശോധിക്കാം.
അലോട്ട്‌മെന്റ്
എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, ഫാർമസി, കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ബി.ടെക് ബയോ-ടെക്നോളജി, ക്ലൈമറ്റ് ചേഞ്ച് & എൻവയോൺമെന്റൽ സയൻസ് എന്നീ കോഴ്‌സുകളിലേക്കാണ് കീമില്‍ സിഇഇ അലോട്ട്‌മെന്റ് നടത്തുന്നത്.
പ്രവേശന പരീക്ഷ
മെഡിക്കൽ, ആർക്കിടെക്ചർ കോഴ്സുകൾക്ക് സംസ്ഥാനതല പ്രവേശന പരീക്ഷയില്ല. എഞ്ചിനീയറിംഗ്, ബി.ഫാം കോഴ്സുകൾക്ക് മാത്രമാണ് പ്രവേശന പരീക്ഷ നടത്തുന്നത്. നീറ്റ് (യുജി) റാങ്കിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് നടത്തുന്നത്. മെഡിക്കൽ കോഴ്സുകളിലെ അലോട്ട്മെന്റിന് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവര്‍ നീറ്റിൽ യോഗ്യത നേടണം. ആർക്കിടെക്ചർ കോഴ്സിലെ അലോട്ട്മെന്റിന് പരിഗണിക്കപ്പെടണമെങ്കിൽ, നാറ്റ (നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) യോഗ്യത നേടിയിരിക്കണം. കീമിനും അപേക്ഷിക്കണം.
ആയുർവേദം, ഹോമിയോ, അഗ്രികൾച്ചറൽ, ഫിഷറീസ്, യുനാനി, വെറ്ററിനറി, സിദ്ധ തുടങ്ങിയ എല്ലാ മെഡിക്കൽ കോഴ്സുകളിലേക്കും നീറ്റ് (യുജി) റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും അലോട്ട്മെന്റ്. മെഡിക്കൽ കോഴ്സുകളിലെ അലോട്ട്മെന്റിന് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നീറ്റിൽ യോഗ്യത നേടിയിരിക്കണം. ഒപ്പം കീമിനും അപേക്ഷിക്കണം.
അപേക്ഷ നിരസിക്കുമോ?
അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ കൃത്യമായിരിക്കണം. പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഒരു അപേക്ഷ മാത്രം അയച്ചാല്‍ മതി. എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ & അനുബന്ധ വിഷയങ്ങൾ എന്നിവയിൽ ഏതെങ്കിലുമൊന്ന് അപേക്ഷയിൽ തന്നെ തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്.
ഒന്നിൽ കൂടുതൽ അപേക്ഷകൾ അയച്ചാൽ, എല്ലാ അപേക്ഷകളും നിരസിക്കപ്പെടാൻ സാധ്യതയുണ്ട്. അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് റിജക്ഷന്‍ മെമ്മോ നല്‍കും. അപേക്ഷയില്‍ അപാകതയുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയുടെ പോര്‍ട്ടലില്‍ അതുസംബന്ധിച്ച് വിവരം നല്‍കും. നിശ്ചിത സമയപരിധിക്കുള്ളില്‍ അപാകതകള്‍ പരിഹരിക്കണം.