KEAM 2026 reservation : കീമിൽ ഒന്നിലധികം സംവരണത്തിന് സാധ്യതയുണ്ടോ? അപേക്ഷാ രീതികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
KEAM 2026 reservation categories: ജനുവരി 31 വൈകീട്ട് 5 മണി വരെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ തങ്ങളുടെ അവകാശവാദങ്ങൾ തെളിയിക്കുന്ന രേഖകൾ കൃത്യമായി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

KEAM 2026
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, എൻജിനീയറിങ്, അഗ്രിക്കൾച്ചർ ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ പ്രവേശനപരീക്ഷാ കമ്മിഷണർ (CEE) ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട രീതിയെക്കുറിച്ചും ലഭ്യമായ വിവിധ സംവരണ വിഭാഗങ്ങളെക്കുറിച്ചും ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്.
വിവിധ സംവരണങ്ങൾ
അലോട്ട്‌മെന്റ് നടപടികളിൽ അർഹരായവർക്ക് മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് സംവരണം അനുവദിച്ചിരിക്കുന്നത്:
- വിശേഷാൽ സംവരണം: സ്പോർട്സ്, എൻസിസി ക്വാട്ടകൾ, വിമുക്തഭടന്മാരുടെ മക്കൾ, സൈനികരുടെ ആശ്രിതർ, മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും മക്കൾ എന്നിവർക്കായി നിശ്ചിത എണ്ണം സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. ഇതിനുപുറമെ ജൂത വിഭാഗക്കാർ (MBBS/BDS), നഴ്സിംഗ്/ഫാർമസി ബിരുദധാരികൾ എന്നിവർക്കും പ്രത്യേക ക്വാട്ട ലഭ്യമാണ്.
- ഭിന്നശേഷി സംവരണം: സർക്കാർ, എയ്ഡഡ് കോളേജുകളിലെ സീറ്റുകളിൽ അഞ്ച് ശതമാനം ഭിന്നശേഷിക്കാർക്കായി നീക്കിവെച്ചിരിക്കുന്നു.
- മാൻഡേറ്ററി സംവരണം : അവശേഷിക്കുന്ന സീറ്റുകളെ സ്റ്റേറ്റ് മെറിറ്റ് (50%), ഇ.ഡബ്ല്യു.എസ് (10%), എസ്.ഇ.ബി.സി (30%), പട്ടികജാതി/വർഗം (10%) എന്നിങ്ങനെ തിരിച്ചാണ് അലോട്ട്‌മെന്റ് നടത്തുന്നത്.
Also read – 60,000 രൂപ ശമ്പളം, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ടി ബോർഡിലേക്ക് അപേക്ഷിക്കാം
കോളേജുകളും സീറ്റ് ലഭ്യതയും
സംസ്ഥാനത്തെ പ്രശസ്തമായ 9 സർക്കാർ എൻജിനീയറിങ് കോളേജുകൾ, 14 സർക്കാർ മെഡിക്കൽ കോളേജുകൾ എന്നിവയ്ക്ക് പുറമെ കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല എന്നിവയുടെ കീഴിലുള്ള കോളേജുകളും കേന്ദ്രീകൃത അലോട്ട്‌മെന്റിൽ ഉൾപ്പെടുന്നു. സ്വകാര്യ സ്വാശ്രയ മേഖലയിലെ നൂറിലധികം എൻജിനീയറിങ് കോളേജുകളിലേക്കും 21 മെഡിക്കൽ കോളേജുകളിലേക്കും ഇതിലൂടെ പ്രവേശനം നേടാം.
അപേക്ഷാ നടപടികൾ
ജനുവരി 31 വൈകീട്ട് 5 മണി വരെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകർ തങ്ങളുടെ അവകാശവാദങ്ങൾ തെളിയിക്കുന്ന രേഖകൾ കൃത്യമായി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ‘അക്‌നോളജ്‌മെന്റ് പേജ്’ പ്രിന്റ് എടുത്ത് സൂക്ഷിക്കണം.
അപേക്ഷയിലോ സർട്ടിഫിക്കറ്റുകളിലോ എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ ഉദ്യോഗാർത്ഥിയുടെ പ്രൊഫൈലിൽ ‘മെമ്മോ’ മുഖേന അറിയിപ്പ് നൽകും. ഇത് നിശ്ചിത സമയത്തിനകം പരിഹരിച്ചില്ലെങ്കിൽ സംവരണ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടേക്കാം. സർട്ടിഫിക്കറ്റുകൾ നൽകുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പ്, ഉദ്യോഗപ്പേര് സഹിതമുള്ള സീൽ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അപേക്ഷാ നടപടികളുടെ ഓരോ ഘട്ടത്തിലും പ്രോസ്പെക്ടസിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.