KEAM 2026: യോഗ്യതകള്‍ പലതരത്തില്‍; മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്ക് ആര്‍ക്കൊക്കെ അപേക്ഷിക്കാം?
KEAM 2026 Medical & Allied Courses Eligibility: മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിക്കാം. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ജയിച്ചവരായിരിക്കണം അപേക്ഷകര്‍

KEAM 2026
കീം 2026 മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിക്കാം. കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ജയിച്ചവരായിരിക്കണം അപേക്ഷകര്‍. എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ് (ഹോമിയോ), ബിഎഎംഎസ് (ആയുര്‍വേദ), ബിഎസ്എംഎസ് (സിദ്ധ), ബിയുഎംഎസ് (യുനാനി) എന്നിവ മെഡിക്കല്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടുന്നു.
ബിഎസ്‌സി (ഓണേഴ്സ്) അഗ്രികൾച്ചർ, ബിഎസ്‌സി (ഓണേഴ്സ്) ഫോറസ്ട്രി, ബിഎസ്‌സി (ഓണേഴ്സ്) കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ബിഎസ്‌സി (ഓണേഴ്സ്) ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയോൺമെൻറൽ സയൻസ്, ബി.എസ്.സി. (ഓണേഴ്സ്) അഗ്രി. ബിസിനസ് മാനേജ്മെന്റ്, ബിടെക് (ബയോടെക്നോളജി) (കേരള കാർഷിക സർവ്വകലാശാല), വെറ്ററിനറി (ബിവിഎസ്‌സി & എഎച്ച്), ഫിഷറീസ് (ബിഎഫ്എസ്‌സി) എന്നിവയാണ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലുള്ളത്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നിവയ്ക്ക് ആകെ 50 ശതമാനം മാർക്കും ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി എന്നിവയക്ക് ഓരോന്നിനും പ്രത്യേക മിനിമം പാസ്‌മാർക്കും നേടിയവര്‍ക്ക് എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ബയോടെക്നോളജി എന്നീ വിഷയങ്ങൾ പഠിച്ച് വിജയിച്ചവര്‍ക്ക് ബിഎഎംഎസ് കോഴ്‌സിന് അപേക്ഷിക്കാം. ബയോളജി അല്ലെങ്കിൽ ബയോടെക്നോളജി എന്നിവ മുഖ്യ വിഷയങ്ങളായി പഠിക്കാത്തവരെ ബിഎച്ച്എംഎസ് കോഴ്‌സിന് പരിഗണിക്കില്ല.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ബയോടെക്നോളജി എന്നീ വിഷയങ്ങൾ പഠിച്ച് വിജയിച്ചവരാണ് ബിഎസ്എംഎസ് കോഴ്‌സിന് അപേക്ഷിക്കാന്‍ യോഗ്യര്‍. കൂടാതെ പത്തിലോ, പന്ത്രണ്ടിലോ തമിഴ് ഒരു വിഷയമായി പഠിച്ച് ജയിക്കുകയോ, അല്ലെങ്കില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സില്‍ പ്രവേശനം ലഭിച്ച് ആദ്യ വര്‍ഷത്തിനുള്ളില്‍ തമിഴ് ലാംഗേജ് കോഴ്‌സ് ജയിക്കുകയോ വേണം.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടി ജയിച്ചവർ അഗ്രികള്‍ച്ചര്‍, ഫിഷറീസ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരാണ്. മറ്റ് കോഴ്‌സുകളിലെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്.