Kerala Plus One Improvement Revaluation Result : പ്ലസ് ടു ഫലം വന്നു; പക്ഷെ പ്ലസ് ടുക്കാർ എഴുതിയ പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് റിവാല്യുയേഷൻ ഫലം എവിടെ?
Kerala Plus One Improvement Revaluation Result Date : മെയ് അഞ്ചിനായിരുന്നു ഇംപ്രൂവ്മെൻ്റ് ഹയർ സക്കൻഡറി ഡയറക്ടറേറ്റ് പുറത്ത് വിട്ടത്. 12-ാം തീയതി വരെ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ സാധിക്കുമായിരുന്നു.
കഴിഞ്ഞ ദിവസം മെയ് 22-ാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പ് ഹയർ സക്കൻഡറി, വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചത്. പ്ലസ് ടുകാർ എഴുതിയ പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ പുനർമൂല്യനിർണയം ഫലം ഉൾപ്പെടുത്താതെയാണ് വിദ്യാഭ്യാസ വകുപ്പ് ഹയർ സക്കൻഡറി ഫലം ഇന്നലെ പുറപ്പെടുവിച്ചത്. പുനർമൂല്യനിർണയഫലം പുറത്തുവിടാതെ പ്ലസ് ടു ഫലം പ്രഖ്യാപിച്ചതിൽ ചില വിദ്യാർഥികൾ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് വിദ്യാർഥികളുടെ ആകെ മാർക്ക്, കീം പരീക്ഷ റാങ്ക് പട്ടികയിലേക്കുള്ള മാർക്ക് ചേർക്കുന്നത് തുടങ്ങിയവയെ ബാധിക്കുന്നതാണ്.
ഈ മാസം മെയ് അഞ്ചാം തീയതിയായിരുന്നു ഹയർ സക്കൻഡറി ഡയറക്ടറേറ്റ് പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം പുറപ്പെടുവിച്ചത്. തുടർന്ന് 12-ാം തീയതി വരെ ഇംപ്രൂവ്മെൻ്റ് ഫലത്തിൻ്റെ പുനർമൂല്യനിർണയത്തിനായി അപേക്ഷ സമർപ്പിക്കാനും അവസരം നൽകി. എന്നാൽ പുനർമൂല്യനിർണയത്തിനായിട്ടുള്ള ക്യാമ്പ് വിദ്യാഭ്യാസ വകുപ്പ് ഇതുവരെയായി അരംഭിച്ചിട്ടില്ല. പുനർമൂല്യനിർണത്തിനായിട്ടുള്ള ക്യാമ്പ് എന്നാരംഭിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഇനി ഹയർ സക്കൻഡറി ഫലത്തിൻ്റെ പുനർമൂല്യനിർണയത്തിനൊപ്പമാകും പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പുനർമൂല്യനിർണയം നടത്താൻ സാധ്യത.
ഇത്തവണ ഇതാദ്യമായിട്ടാണ് മാർച്ചിൽ നടന്ന ഹയർ സക്കൻഡറിയുടെ പൊതുപരീക്ഷയ്ക്കൊപ്പം പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയും സംഘടിപ്പിച്ചത്. മുൻ വർഷങ്ങളിൽ സെപ്റ്റംബറിലായിരുന്നു ഹയർ സക്കൻഡറി ഡയറക്ടറേറ്റ് ഇംപ്രൂവ്മെൻ്റ് പരീക്ഷ നടത്തിയിരുന്നു. തുടർന്ന നവംബറിനുള്ളിൽ ഫലം പുറപ്പെടുവിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്രാവശ്യം പൊതുപരീക്ഷയ്ക്കൊപ്പം ഇംപ്രൂവ്മെൻ്റ് നടത്തുകയും മൂല്യനിർണയം ഹയർ സക്കൻഡറി മൂല്യനിർണയ ക്യാമ്പിനൊപ്പം സംഘടിപ്പിക്കുകയും ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച് ഹയർ സക്കൻഡറി ഫലത്തിൽ 77.81% ആയിരുന്നു വിജയശതമാനം. മുൻ വർഷത്തെക്കാൾ വിജയശതമാനത്തിൽ .88 ശതമാനത്തിൻ്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത് . കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്ന വിജയം. 3,70,642 വിദ്യാർഥികളാണ് ഇത്തവണ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,88,394 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.