Kerala Plus Two Result 2025: പ്ലസ് ടുവിൽ വിജയശതമാനം കൂടുതൽ സയൻസുകാർക്ക്? മുൻ വർഷങ്ങളിലെ ട്രെൻഡ് ഇങ്ങനെ
Kerala DHSE VHSE Plus Two Result 2025: പ്ലസ് ടു ഫലത്തിനായി വിദ്യാർത്ഥികൾ കാത്തിരിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും എട്ട് വർഷങ്ങളിൽ ഓരോ വിഷയത്തിന്റെയും വിജയ ശതമാനം എങ്ങനെയായിരുന്നുവെന്ന് നോക്കാം.
ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം മെയ് 21ന് പുറത്തുവിടും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത് 4,44,707 വിദ്യാർത്ഥികളാണ്. നിലവിൽ ടാബുലേഷൻ ജോലികൾ പുരോഗമിക്കുകയാണ്. പ്ലസ് ടു ഫലത്തിനായി വിദ്യാർത്ഥികൾ കാത്തിരിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും എട്ട് വർഷങ്ങളിൽ ഓരോ വിഷയത്തിന്റെയും വിജയ ശതമാനം എങ്ങനെയായിരുന്നുവെന്ന് നോക്കാം.
കഴിഞ്ഞ വർഷം, 2024ൽ പ്ലസ് ടു സയൻസ് വിഭാഗത്തിൽ 84.84 ശതമാനായിരുന്നു വിജയം. അതേസമയം, കൊമേഴ്‌സിൽ 76.11 ശതമാനവും ഹ്യുമാനിറ്റീസിൽ 67.09 ശതമാനവുമായിരുന്നു വിജയം. 2023ൽ സയൻസ് വിഭാഗത്തിന് 87.31 ആയിരുന്നു വിജയശതമാനം. കൊമേഴ്‌സിന് 82.75 ശതമാനവും ഹ്യുമാനിറ്റീസിന് 71.93 ശതമാനവും ആയിരുന്നു വിജയം. 2022ൽ സയൻസിന് 86.14 ശതമാനം, 75.61 ശതമാനം, ഹ്യുമാനിറ്റീസിന് 85.69 ശതമാനം എന്നിങ്ങനെയായിരുന്നു വിജയം. 2021ൽ സയൻസിന് 90.52, കൊമേഴ്‌സിന് 80.04, ഹ്യുമാനിറ്റീസിന് 90.52 എന്നിങ്ങനെയായിരുന്നു വിജയശതമാനം.
2020ൽ സയൻസ് വിഭാഗത്തിൽ 88.62 ശതമാനവും, കൊമേഴ്സിൽ 84.52 ശതമാനവും, ഹ്യുമാനീറ്റീസ് വിഭാഗത്തിൽ 77.76 ശതമാനവുമാണ് വിജയം. 2019ൽ സയൻസിന് 86.04 ശതമാനവും കൊമേഴ്‌സിന് 84.65 ശതമാനവും ഹ്യുമാനിറ്റീസിന് 79.82 ശതമാനവും ആയിരുന്നു വിജയം. 2018ലെ പ്ലസ് ടു ഫലം പരിശോധിച്ചാൽ സയൻസിന് 82.25, കൊമേഴ്‌സിന് 89.96, ഹ്യുമാനിറ്റീസിന് 75.25 എന്നിങ്ങനെ ആയിരുന്നു വിജയശതമാനം. 2017ൽ സയൻസ് വിഭാഗത്തിൽ 86.25 ശതമാനവും, കൊമേഴ്സിൽ 83.96 ശതമാനവും, ഹ്യുമാനീറ്റീസ് വിഭാഗത്തിൽ 75.25 ശതമാനവുമാണ് വിജയം.
ALSO READ: പ്ലസ്ടു റിസല്‍ട്ടിനായുള്ള കാത്തിരിപ്പ്; വിജയശതമാനം എത്രയാകും? മുന്‍വര്‍ഷങ്ങളില്‍ സംഭവിച്ചത്
കഴിഞ്ഞ എട്ട് വർഷങ്ങളിലെ ട്രെൻഡ് പരിശോധിച്ചാൽ മിക്ക വർഷങ്ങളിലും വിജയശതമാനത്തിൽ മുന്നിൽ സയൻസ് വിഭാഗമാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നതും, ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതും സയൻസ് വിഭാഗത്തിൽ നിന്നുള്ളവരാണ്. കൊമേഴ്‌സിലും സയൻസിലേതിന് സമാനമായി ഒട്ടേറെ വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. അതേസമയം, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതുന്നവർ താരതമ്യേന കുറവായത് കൊണ്ടുതന്നെ വിജയശതമാനത്തിലും അത് പ്രതിഫലിക്കുന്നു.