AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gov. job for PwDs: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്കായി 446 തസ്തികകൾ കൂടി

Government Identifies 446 New Posts in Public Sector: ഈ 21 വിഭാഗങ്ങൾക്കായി അനുയോജ്യമായ തസ്തികകൾ തിരിച്ചറിയുന്നതിനായി സർക്കാർ ഒരു വിദഗ്ദ്ധ സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സമിതിയുടെ വിശദമായ പരിശോധനകൾക്കും ശുപാർശകൾക്കും ശേഷമാണ് പുതിയ തസ്തികകൾ കണ്ടെത്തിയിരിക്കുന്നത്.

Gov. job for PwDs: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്കായി 446 തസ്തികകൾ കൂടി
JobImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 17 Jun 2025 18:47 PM

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കിക്കൊണ്ട് സർക്കാർ സുപ്രധാന ഉത്തരവ് പുറത്തിറക്കി. 29 പൊതുമേഖലാ സ്ഥാപനങ്ങളിലായി 446 പുതിയ തസ്തികകൾ കൂടി ഭിന്നശേഷിക്കാർക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി. ഇതോടെ, ഭിന്നശേഷിക്കാർക്കായി സംസ്ഥാനത്ത് സംവരണം ചെയ്ത ആകെ തസ്തികകളുടെ എണ്ണം 1902 ആയി ഉയർന്നതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഈ മാറ്റം. നേരത്തെ മൂന്ന് ശതമാനമായിരുന്ന ഭിന്നശേഷി സംവരണം, ഈ നിയമപ്രകാരം നാല് ശതമാനമായി ഉയർത്തിയിരുന്നു. ഈ വർദ്ധനവ് 21 തരം ഭിന്നശേഷി വിഭാഗങ്ങൾക്കാണ് പ്രയോജനകരമാകുക. ഓരോ വിഭാഗത്തിനും അനുയോജ്യമായ തസ്തികകൾ കണ്ടെത്തി സംവരണം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ 21 വിഭാഗങ്ങൾക്കായി അനുയോജ്യമായ തസ്തികകൾ തിരിച്ചറിയുന്നതിനായി സർക്കാർ ഒരു വിദഗ്ദ്ധ സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സമിതിയുടെ വിശദമായ പരിശോധനകൾക്കും ശുപാർശകൾക്കും ശേഷമാണ് പുതിയ തസ്തികകൾ കണ്ടെത്തിയിരിക്കുന്നത്. സമിതിയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യനീതി വകുപ്പ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി. ഭിന്നശേഷിക്കാർക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാനും തുല്യതയോടെ ജീവിക്കാനും ഇത്തരം നടപടികൾ വലിയ സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ നീക്കം ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.