Kerala Plus One Admission 2025: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം നാളെ; ഇത്തവണ എത്തുന്നത് മൂന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികൾ
Kerala Plus One Class Starts Tomorrow: പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതിന് പിന്നാലെതന്നെ സപ്ലിമെന്ററി പ്രവേശന നടപടികളും ആരംഭിക്കും. മുഖ്യഘട്ട പ്രവേശന പ്രക്രിയയിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കും അപേക്ഷയിൽ പിഴവ് പറ്റിയവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതുതായി അപേക്ഷ നൽകാനുള്ള അവസരമുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഹയർസെക്കൻഡറി ഒന്നാംവർഷ ക്ലാസുകൾ ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ വച്ച് രാവിലെ ഒമ്പതിന് മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. അതേസമയം ഇന്ന് വൈകിട്ട് അഞ്ച് മണി വരെയായിരുന്നു മൂന്നാം അലോട്ട്‌മെന്റിൻ്റെ ഭാഗമായി പ്രവേശനം നേടാനുള്ള അവസാന സമയം.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് പ്ലസ് വൺ മൂന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചത്. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഇനി ബാക്കിയുള്ളത് സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രമാണ്. 87,928 വിദ്യാർത്ഥികൾക്കാണ് മൂന്നാം അലോട്ട്മെന്റിൽ പുതുതായി പ്രവേശനം ലഭിച്ചത്. കണക്കുകൾ പ്രകാരം, പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം അവസാനിക്കുമ്പോൾ ഇതുവരെ 3,12,908 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചിരിക്കുന്നത്.
ശേഷിക്കുന്നത് 4688 സീറ്റുകളാണ്. സ്പോർട്ട്സ് ക്വാട്ടയിൽ 2889 സീറ്റും മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 359 സീറ്റും ഇനി ഒഴിവുണ്ട്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല. മാനേജ്‌മന്റ് സീറ്റുകൾ, എയ്‌ഡഡ് കമ്മ്യൂണിറ്റി സീറ്റുകൾ എന്നിവയിലും അൺ എയ്ഡഡ് സ്‌കൂളുകളിലും പ്രവേശനത്തിനായി ജൂൺ 27 വരെ സമയം അനുവദിച്ചിട്ടുണ്ട്.
പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതിന് പിന്നാലെതന്നെ സപ്ലിമെന്ററി പ്രവേശന നടപടികളും ആരംഭിക്കും. മുഖ്യഘട്ട പ്രവേശന പ്രക്രിയയിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കും അപേക്ഷയിൽ പിഴവ് പറ്റിയവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതുതായി അപേക്ഷ നൽകാനുള്ള അവസരമുണ്ട്. അലോട്ട്മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.hscap.kerala.gov.in സന്ദർശിക്കുക.