WhatsApp school note issue: പഠനം ക്ലാസിൽ മതി, ഇനി പഠനനോട്ടുകൾ വാട്സ്ആപ്പ് വഴി കിട്ടില്ല…
Kerala Higher Secondary Education Directorate bans study notes: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അധ്യാപകർ പഠന കുറിപ്പുകൾ പങ്കിടുന്നത് തടയാൻ ഹയർ സെക്കൻഡറി സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്
തിരുവനന്തപുരം: കോവിഡ് കാലത്ത് ശീലമായ ഓൺലൈൻ ക്ലാസും വാട്സ്ആപ്പ് പോലുള്ള മാധ്യമങ്ങളിലൂടെയുള്ള നോട്ട് വിതരണവും ഇനി ഉണ്ടാകില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാർത്ഥികൾക്ക് പഠനക്കുറിപ്പുകൾ വിതരണം ചെയ്യുന്നത് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിരോധിച്ചതായുള്ള അറിയിപ്പെത്തിയതോടെയാണ് വിദ്യാർത്ഥികൾ പിന്തുടർന്ന പുതിയ ശീലം മാറ്റേണ്ടതായി വരുന്നത്.
ക്ലാസ് റൂം പരിതസ്ഥിതിയിലെ പഠനാനുഭവം നിലനിർത്താനാണ് ഇങ്ങനെ ഒരു നിർദ്ദേശം ഇറക്കിയത് എന്നാണ് അധികൃതരുടെ വാദം. കോവിഡ് കാലത്തിനു ശേഷം ക്ലാസ് മുറികളിലേക്ക് പഠനം മാറിയെങ്കിലും നോട്ട് വിതരണം സോഷ്യൽ മീഡിയയിൽ തന്നെയായിരുന്നു പല സ്ഥലങ്ങളിലും. പഠനം ക്ലാസിലും നോട്ട് പിന്നീട് ഓൺലൈനിലും അയക്കുന്ന ശീലം വേണ്ടന്നാണ് അധികൃതരുടെ വാദം.
ALSO READ – അധ്യാപനമല്ലേ ലക്ഷ്യം? സെറ്റിന് അപേക്ഷിക്കാന്‍ മറക്കേണ്ട, അവസാന തീയതി…
ഹയർസെക്കൻഡറി അക്കാദമിക് ജോയിൻ്റ് ഡയറക്ടർ സുരേഷ് കുമാറിൻ്റെ നിർദേശപ്രകാരം പുതിയ ചട്ടങ്ങൾ പാലിക്കുന്നതിനായി സ്‌കൂളുകളിൽ പതിവായി സന്ദർശനം നടത്താൻ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഓൺലൈൻ ക്ലാസ് സംബന്ധിച്ച് രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനിലേക്ക് പരാതി നൽകിയതിനെത്തുടർന്നാണ്, വാട്ട്‌സ്ആപ്പ് വഴി കുറിപ്പുകളും മറ്റ് പഠന നോട്ടുകളും പങ്കിടുന്നത് നിർത്തുന്നതിലേക്ക് നയിച്ചത്. ഇതു കാരണം വിദ്യാർത്ഥികൾക്ക് അമിതഭാരവും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാകുന്നതായുള്ള ആശങ്കകൾ ഉയർന്നിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അധ്യാപകർ പഠന കുറിപ്പുകൾ പങ്കിടുന്നത് തടയാൻ ഹയർ സെക്കൻഡറി സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് വിവരം.