Kerala Plus One Admission 2025: പ്ലസ്‌വണ്‍ രണ്ടാംഘട്ട പ്രവേശനം ഇന്ന് അവസാനിക്കും; അറിയേണ്ടതെല്ലാം
Kerala HSCAP Plus One 2025 Second Allotment Admission: അലോട്ട്മെന്റിൽ മറ്റ് ഓപ്ഷനുകൾ ലഭിച്ചവർക്ക് സ്ഥിരമോ താൽക്കാലികമോ ആയി പ്രവേശനം നേടാവുന്നതാണ്. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്നുള്ള അലോട്ടുമെൻ്റിൽ പരിഗണിക്കുന്നതല്ല.
തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് കൂടി പ്രവേശനം നേടാം. ഇന്ന് വൈകീട്ട് അഞ്ച് മണിവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 21,887 വിദ്യാർത്ഥികൾക്കാണ് രണ്ടാം അലോട്ട്മെന്റ് ലഭിച്ചത്. ആദ്യ അലോട്ട്മെന്റ് 2,49,540 പേർക്കായിരുന്നു ലഭിച്ചിരുന്നത്. ഇതിൽ 1,21,743 വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്.
അലോട്ട്മെന്റിൽ മറ്റ് ഓപ്ഷനുകൾ ലഭിച്ചവർക്ക് സ്ഥിരമോ താൽക്കാലികമോ ആയി പ്രവേശനം നേടാവുന്നതാണ്. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്നുള്ള അലോട്ടുമെൻ്റിൽ പരിഗണിക്കുന്നതല്ല. എന്നാൽ, താത്കാലിക പ്രവേശനം നേടിക്കഴിഞ്ഞ ശേഷം ഉയർന്ന ഓപ്‌ഷനുകളിൽ അഡ്മിഷൻ ലഭിക്കുന്നവർക്ക് അതിലേക്ക് മാറാവുന്നതാണ്. അതുപോലെ തന്നെ ഫസ്റ്റ് അലോട്ട്മെന്റിൽ താത്കാലിക അഡ്മിഷൻ നേടിയവർക്ക് രണ്ടാം അലോട്ട്മെന്റിൽ പുതിയ സ്‌കൂളിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ടെങ്കിൽ ആദ്യം താത്കാലിക അഡ്മിഷൻ എടുത്ത സ്‌കൂളിൽ നിന്നും സമർപ്പിച്ച രേഖകൾ തിരിച്ചുവാങ്ങി രണ്ടാം അലോട്ട്മെന്റ് കിട്ടിയ സ്‌കൂളിൽ താത്കാലികമായോ സ്ഥിരമായോ അഡ്മിഷൻ എടുക്കണം.
സെക്കൻഡ് അലോട്ട്മെന്റിൽ ‘നോ ചേഞ്ച്’ എന്നാണ് കാണിക്കുന്നതെങ്കിൽ വിദ്യാർഥികൾ ഇപ്പോൾ ഒന്നും ചെയ്യേണ്ടതില്ല. എന്നാൽ, ആദ്യ അലോട്ട്മെന്റിൽ താത്കാലിക അഡ്മിഷൻ ആണ് എടുത്തിരിക്കുന്നതെങ്കിൽ വേണമെങ്കിൽ ഫീസ് അടച്ച് പെര്മനന്റ്റ് അഡ്മിഷൻ എടുക്കാവുന്നതാണ്. കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷനും അലോട്ട്മെന്റിനോടൊപ്പം തന്നെ നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തിരഞ്ഞെടുക്കാവുന്നതാണ്. ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞാൽ പിന്നീട് മറ്റൊരു ക്വാട്ടയിൽ പ്രവേശനം നേടാൻ സാധിക്കില്ല.
ആദ്യ അലോട്ട്മെന്റ് ലഭിച്ച 2,49,540 വിദ്യാർത്ഥികളിൽ 1,21,743 വിദ്യാർത്ഥികൾ മാത്രമാണ് സ്ഥിര പ്രവേശനം നേടിയത്. മെറിറ്റ് ക്വാട്ടയിൽ അലോട്ട്‌മെൻ്റ് നേടിയ 2,49,540 വിദ്യാർഥികളിൽ 1,21,743 പേർ മാത്രമാണ് അഡ്മിഷൻ എടുത്തത്. ഇതിൽ താൽക്കാലിക പ്രവേശനം നേടിയത് 99,525 പേരാണ്. 27074 പേർ അലോട്ട്‌മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. അതേസമയം, പ്ലസ് വൺ പ്രവേശനത്തിനായുളള മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂൺ 16ന് പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് ജൂൺ 18ന് പ്ലസ്‍ വൺ ക്ലാസ്സുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.