Kerala Plus One Admission 2025: പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഒമ്പതിന്, എപ്പോൾ അറിയാം, ഒഴിവുള്ളത് 96,108 സീറ്റുകൾ
Kerala Plus One Second Allotment: രണ്ടാം അലോട്ട്മെൻ്റ് വന്ന ശേഷം ജൂൺ 10,11 തീയതികളിൽ പ്രവേശനം നടക്കുന്നതാണ്. അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം പ്രവേശനം ലഭിച്ച സ്‌കൂളുകളിൽ എത്തി പ്രവേശനം ഉറപ്പാക്കേണ്ടതാണ്. ജൂൺ 18ഓടെ തന്നെ ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം പുരോഗമിക്കുന്നു. രണ്ടാം അലോട്ട്മെൻറ് ജൂൺ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഒമ്പതിന് വൈകിട്ടോടെയാകും അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുക. രണ്ടാം അലോട്ട്മെൻ്റ് വന്ന ശേഷം ജൂൺ 10,11 തീയതികളിൽ പ്രവേശനം നടക്കുന്നതാണ്. അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം പ്രവേശനം ലഭിച്ച സ്‌കൂളുകളിൽ എത്തി പ്രവേശനം ഉറപ്പാക്കേണ്ടതാണ്. മൂന്നാമത്തെ അലോട്ട്മെൻറ് ജൂൺ 16 ന് പ്രസിദ്ധീകരിക്കും. തുടർന്ന് ജൂൺ 18ഓടെ തന്നെ ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
പ്ലസ് വണിലേക്ക് ഇനി ഒഴിവുള്ളത് 96,108 സീറ്റുകളാണ്. അതിൽ സ്‌പോർട്‌സ് ക്വാട്ടയിലേക്ക് 3508 സീറ്റുകളും അവശേഷിക്കുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 494 സീറ്റുകൾ ഇനി ബാക്കിയുള്ളത്. ഇതുവരെ ആകെ പ്രവേശനം നേടിയത് 2,26,960 കുട്ടികളാണ്. 1,63,801 അപേക്ഷകർ കൂടി ശേഷിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ആദ്യ അലോട്ട്‌മെൻ്റിൽ 1,21,743 വിദ്യാർത്ഥികളാണ് സ്ഥിര പ്രവേശനം നേടിയത്. മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെൻ്റ് നൽകിയതിൽ 1,21,743 പേർ മാത്രമാണ് പ്രവേശനം നേടിയിരിക്കുന്നത്. ഇതിൽ 99,525 പേർ താൽക്കാലിക പ്രവേശനം നേടിയവരാണ്. അലോട്ട്‌മെൻ്റ് വന്നിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 27074 ആണ്.
ഒന്നാമത്തെ അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനത്തിന് ശേഷമുള്ള ഒഴിവുകൾ പ്രകാരം, മെറിറ്റ് ക്വാട്ടയിൽ 96,108, സ്‌പോർട്‌സ് ക്വാട്ടയിൽ 3508, മോഡൽ റസിഡെൻഷ്യൽ സ്‌കൂളിൽ 494 എന്നിങ്ങനെയാണ് കണക്കുകൾ. അലോട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്നുള്ള അലോട്ടുമെൻ്റിൽ പരിഗണിക്കുന്നതല്ല.