Kerala Local Holiday: തിങ്കളാഴ്ച പ്രാദേശിക അവധി, പ്രഖ്യാപനം രണ്ട് കളക്ടര്‍മാരുടേത്
Local holiday on November 3 in three taluks of Kerala: കേരളത്തിലെ മൂന്ന് താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി. പരുമല പെരുന്നാളിനോടനുബന്ധിച്ചാണ് അവധി. തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് നവംബര്‍ മൂന്ന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്
പത്തനംതിട്ട/ആലപ്പുഴ: പരുമല പെരുന്നാളിനോടനുബന്ധിച്ച് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ താലൂക്കുകളില്‍ നാളെ (നവംബര്‍ 3) കളക്ടര്‍മാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്ക് പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നാളെ അവധിയായിരിക്കും. കളക്ടര്‍ എസ് പ്രേം കൃഷ്ണനാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നാളെ അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം, പെരുന്നാളിനോടനുബന്ധിച്ചുള്ള പദയാത്ര സംഘങ്ങള്‍ പരുമലയില്‍ എത്തിത്തുടങ്ങി. തീര്‍ത്ഥാടക സംഗമവും, തീര്‍ത്ഥാടന വാരാഘോഷ സമാപനവും ഇന്ന് നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷനാകും. വൈകുന്നേരം ആറിന് പെരുന്നാള്‍ സന്ധ്യാ നമസ്‌കാരം നടക്കും. എട്ടിനാണ് ശ്ലൈഹിക വാഴ്‌വ്.
Also Read: ജിഇഇ മെയിൻ പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു; അവസാന തീയതി അറിയാം
നാളെ പുലര്‍ച്ചെ മൂന്നിനും, 6.15നും കുര്‍ബാനകളുണ്ട്. മൂന്ന് മണിക്ക് നടക്കുന്ന കുര്‍ബാനയ്ക്ക് ഏബ്രഹാം മാർ സ്തേഫാനോസ് കാര്‍മികത്വം വഹിക്കും. ഡോ.യാക്കോബ് മാർ ഐറേനിയസ് 6.15ന് ആരംഭിക്കുന്ന കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. 8.30ന് നടക്കുന്ന മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്ക് കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വം വഹിക്കും. ശ്ലൈഹിക വാഴ്‌വ് 10.30ന് നടക്കും. 11.30നാണ് നേര്‍ച്ച സദ്യ. 12 മണിക്ക് എംജിഒസിഎസ്എം സമ്മേളനമുണ്ടാകും. റാസ ഉച്ചയ്ക്ക് രണ്ടിനും, കൊടിയിറക്ക് മൂന്ന് മണിക്കും നടക്കും.