Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
Kerala PSC 12th Level Jobs Notifications Latest: പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് വിവിധ തസ്തികകളില്‍ അപേക്ഷിക്കാന്‍ അവസരം. ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് അവസരം.

PSC Kerala
സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഇപ്പോള്‍ വിവിധ തസ്തികകളില്‍ അപേക്ഷിക്കാന്‍ അവസരം. ഹെല്‍ത്ത് സര്‍വീസസില്‍ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് II, മെഡിക്കല്‍ എജ്യുക്കേഷനില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ലീഗല്‍ മെട്രോളജിയില്‍ ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ തസ്തികകളിലേക്കും ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം.
18 വയസ് മുതല്‍ 36 വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് II തസ്തികയില്‍ ജില്ലാതലത്തിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അവസരം.
എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. 26,500 – 60,700 ആണ് ശമ്പള സ്‌കെയില്‍. 629/2025 ആണ് കാറ്റഗറി നമ്പര്‍. സയൻസ് സ്ട്രീമിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ (പ്ലസ് ടു) വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലും എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമല്ല. 27,900 – 63,700 ആണ് ശമ്പള സ്‌കെയില്‍. 733/2025 ആണ് കാറ്റഗറി നമ്പര്‍. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായി പഠിച്ച് പ്രീ-ഡിഗ്രി/പ്ലസ് ടു കോഴ്‌സ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ വിഎച്ച്എസ്ഇ (എംഎൽടി) ഉണ്ടാകണം.
ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടില്ല. 26,500 – 60,700 ആണ് ശമ്പള സ്‌കെയില്‍. 883/2025 ആണ് കാറ്റഗറി നമ്പര്‍. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം. അല്ലെങ്കില്‍ പത്താം ക്ലാസ് പാസായ, നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുള്ളവര്‍ക്കും അപേക്ഷിക്കാം.
keralapsc.gov.in എന്ന വെബ്‌സൈറ്റിലൂടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നോട്ടിഫിക്കേഷന്‍ വിശദാംശം ലഭ്യമാകും. ഇത് വിശദമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.