Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്’
Kerala PSC New Application Editing Facility: അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ സൗകര്യം അവതരിപ്പിച്ച് കേരള പിഎസ്‌സി. അപേക്ഷയിലെ ഡിക്ലറേഷന്‍സ് ലിങ്കില്‍ വെയിറ്റേജില്‍ ആവശ്യമായ വരുത്തലുകള്‍ വരുത്താനുള്ള സൗകര്യമാണ് അവതരിപ്പിച്ചത്.
തിരുവനന്തപുരം: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും ചില വിശദാംശങ്ങളില്‍ പിഴവുകളുണ്ടെങ്കില്‍ തിരുത്തല്‍ വരുത്താന്‍ സൗകര്യം അവതരിപ്പിച്ച് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി). അപേക്ഷയിലെ ഡിക്ലറേഷന്‍സ് ലിങ്കില്‍ വെയിറ്റേജില്‍ ആവശ്യമായ വരുത്തലുകള്‍ വരുത്താനുള്ള സൗകര്യമാണ് അവതരിപ്പിച്ചത്. ഭിന്നശേഷി വിഭാഗം, വിമുക്ത ഭടന്മാര്‍, കായിക താരങ്ങള്‍, എന്‍സിസി തുടങ്ങിയവയിലാണ് മാറ്റങ്ങള്‍ വരുത്താവുന്നത്. പ്രിഫറന്‍ഷ്യല്‍ യോഗ്യതകള്‍ സംബന്ധിച്ചുള്ള ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
ഇതിനായി എഡിറ്റ് ഓപ്ഷന്‍ അവതരിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം. കമ്മീഷന്‍ പുറപ്പെടുവിക്കുന്ന അടുത്ത നോട്ടിഫിക്കേഷന്‍ മുതല്‍ തിരുത്തലുകള്‍ വരുത്താനുള്ള എഡിറ്റ് ഓപ്ഷന്‍ ലഭ്യമാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് തിരുത്തലുകള്‍ വരുത്തണം.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അശ്രദ്ധ മൂലം സംഭവിക്കുന്ന തെറ്റുകളും അപേക്ഷയുടെ അവസാന തീയതിക്ക് മുമ്പ് തിരുത്താന്‍ അവസരം ലഭിക്കും. അവസാന തീയതിക്ക് മുമ്പ് ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ വരുത്തുന്ന എല്ലാ മാറ്റങ്ങളും അപേക്ഷയുടെ ഭാഗമാകുമെന്ന് പിഎസ്‌സി അറിയിച്ചു.
തിരുത്തലുകള്‍ വരുത്താനുള്ള എഡിറ്റ് ഓപ്ഷന്‍ പിഎസ്‌സി ഇനി പുറപ്പെടുവിക്കുന്ന വിജ്ഞാപനം മുതല്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലഭ്യമാകും. പിഎസ്‌സി ഏര്‍പ്പെടുത്തുന്ന പുതിയ സൗകര്യം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.
ബ്ലോക്ക്‌ചെയിന്‍ സംവിധാനം
അതേസമയം, പിഎസ്‌സിയില്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ബ്ലോക്ക്‌ചെയിന്‍ സംവിധാനം നടപ്പിലാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുതാര്യതയും സുരക്ഷിതത്വും ഉറപ്പാക്കുന്നതില്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ സുപ്രധാന പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.