KSEB Assistant Vacancy: ആ ലിസ്റ്റിലുള്ളവര്‍ക്ക് കോളടിച്ചു, കെഎസ്ഇബി വക 262 ‘ഫ്രഷ്’ ഒഴിവുകള്‍
KSEB reports 262 vacancies: കെഎസ്ഇബി പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 262 ഒഴിവുകള്‍. നവംബര്‍ 18നാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിഎസ്‌സിയുടെ വെബ്‌സൈറ്റിലാണ് ഈ കണക്കുകള്‍ നല്‍കിയിരിക്കുന്നത്

KSEB
026/2022 കാറ്റഗറി നമ്പറിലെ അസിസ്റ്റന്റ് തസതികയില്‍ കെഎസ്ഇബി പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 262 ഒഴിവുകള്‍. നവംബര്‍ 18നാണ് ഫ്രഷ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ കണക്കുകള്‍ നല്‍കിയിരിക്കുന്നത്. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ ഒഴിവുകള്‍. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ അവരുടെ നിയമന സാധ്യത വര്‍ധിപ്പിക്കുന്നു. വിവിധ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍, അസിസ്റ്റന്റ് ഗ്രേഡ് 2, ക്ലര്‍ക്ക് ഗ്രേഡ് 1, ടൈം കീപ്പര്‍ ഗ്രേഡ് 2, സീനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് 2022 ഫെബ്രുവരി 28നായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്.
കെഎസ്ഇബി, കെഎസ്എഫ്ഇ, കെഎംഎംഎല്‍, കെല്‍ട്രോണ്‍, കശുവണ്ടി വികസന കോര്‍പറേഷന്‍, മലബാര്‍ സിമന്റ്‌സ്, ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, അഗ്രോ മെഷീനറി കോര്‍പറേഷന്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ്, ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ഡെവലപ്‌മെന്റ് അതോറിറ്റീസ്, വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വനം വികസന കോര്‍പറേഷന്‍, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളിലേക്കായിരുന്നു നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത്.
371910 ഉദ്യോഗാര്‍ത്ഥികളാണ് അന്ന് അപേക്ഷിച്ചത്. 2023 ഏപ്രില്‍ ഒന്നിന് എലിജിബിലിറ്റി ലിസ്റ്റ് പുറത്തുവന്നു. ഒക്ടോബര്‍ 19ന് പിഎസ്‌സി ഷോര്‍ട്ട് ലിസ്റ്റ് പുറത്തുവിട്ടു. 2024 മാര്‍ച്ച് 13ന് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നു. 2027 വരെ ഈ റാങ്ക് ലിസ്റ്റിന് കാലാവധിയുണ്ട്. ഈ റാങ്ക് ലിസ്റ്റ് പ്രകാരം ഈ മാസം 13 വരെ അഡ്വൈസ് പോയിട്ടുണ്ട്. ആകെ ഇതുവരെ 1653 അഡ്വൈസുകളാണ് കമ്മീഷന്‍ നല്‍കിയത്.
ഇതിനു ശേഷം 262 ഒഴിവുകള്‍ പിഎസ്‌സി റിപ്പോര്‍ട്ട് ചെയ്തത്, ലിസ്റ്റില്‍ നിയമനത്തിന് കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡും, വാട്ടര്‍ അതോറിറ്റിയും, കെള്‍ട്രോണ്‍ കമ്പോണന്റ് കോംപ്ലക്‌സ് ലിമിറ്റഡും ഈ മാസം രണ്ട് ഒഴിവുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.