AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Calendar 2025: കുട്ടികള്‍ക്ക് ഇനി കൂടുതല്‍ പഠിക്കാം, ഹൈസ്‌കൂളില്‍ ക്ലാസ് സമയം കൂട്ടും; യുപിയിലും മാറ്റങ്ങള്‍

Kerala School Calendar 2025 Details in Malayalam: അധിക ശനിയാഴ്ചകള്‍ കൂടി വരുന്നതോടെ ഹൈസ്‌കൂളില്‍ 205 പ്രവൃത്തിദിനങ്ങളുണ്ടാകും. യുപി ക്ലാസുകളില്‍ 200 പ്രവൃത്തിദിനങ്ങളും, എല്‍പിയില്‍ 198 പ്രവൃത്തിദിനങ്ങളുമുണ്ടാകും. അധിക ശനിയാഴ്ചകള്‍ കൂടി അധ്യയനദിനമാക്കുമെങ്കിലും തുടര്‍ച്ചയായി ആറു പ്രവൃത്തിദിനം വരാത്ത രീതിയിലാകും ക്രമീകരിക്കുന്നത്

Kerala School Calendar 2025: കുട്ടികള്‍ക്ക് ഇനി കൂടുതല്‍ പഠിക്കാം, ഹൈസ്‌കൂളില്‍ ക്ലാസ് സമയം കൂട്ടും; യുപിയിലും മാറ്റങ്ങള്‍
Image For Representation Purpose OnlyImage Credit source: PTI
jayadevan-am
Jayadevan AM | Published: 31 May 2025 09:42 AM

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് വിദ്യാഭ്യാസരംഗങ്ങളില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. സര്‍ക്കാര്‍/എയ്ഡഡ്‌ ഹൈസ്‌കൂളില്‍ ആറു ശനിയാഴ്ചയും, യുപിയില്‍ രണ്ട് ശനിയാഴ്ചയും പ്രവൃത്തിദിനമാക്കും. എല്‍പി ക്ലാസുകളില്‍ ഇത് ബാധകമല്ല. ഹൈസ്‌കൂള്‍ ക്ലാസുകള്‍ അരമണിക്കൂര്‍ കൂട്ടാനും തീരുമാനമായി. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് നടപടി.

കലണ്ടര്‍ തീരുമാനിച്ചില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടെത്തേണ്ടി വരുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. തുടര്‍ന്ന് അടിയന്തരയോഗം വിളിച്ച് നടപടി സ്വീകരിക്കുകയായിരുന്നു. യുപിയില്‍ രണ്ട് അധിക ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കുന്നതിലൂടെ 1000 മണിക്കൂര്‍ അധ്യയന സമയം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. എല്‍പിയില്‍ നിലവില്‍ 800 മണിക്കൂര്‍ അധ്യയനസമയമുണ്ട്. ഈ സാഹചര്യത്തില്‍ അധിക ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ക്ലാസ് സമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിക്കുന്നതോടെയും, ആറ് അധിക ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെയും ഹൈസ്‌കൂളില്‍ 1200 മണിക്കൂര്‍ അധ്യയനസമയം ഉറപ്പാക്കും. എന്നാല്‍ തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത രീതിയിലാകും ക്രമീകരണം. പുതിയ അധ്യയനവര്‍ഷത്തെ കലണ്ടര്‍ തീരുമാനിച്ചകാര്യം വിദ്യാഭ്യാസവകുപ്പ് ഹൈക്കോടതിയെ അറിയിക്കും.

ഹൈസ്‌കൂളില്‍ അര മണിക്കൂര്‍ വര്‍ധിപ്പിക്കേണ്ടത് രാവിലെയാണോ, ഉച്ചയ്ക്ക് ശേഷമാണോ എന്നത് സംബന്ധിച്ച് വകുപ്പ്തലത്തില്‍ തീരുമാനിക്കും. രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടുന്നതും ആലോചനയിലുണ്ട്. ഇത് പ്രാവര്‍ത്തികമായാല്‍ രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാകും ഹൈസ്‌കൂള്‍ ക്ലാസുകള്‍ നടത്തുന്നത്.

Read Also: Kerala SSLC Revaluation Result 2025: എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ പരിശോധിക്കാം?

അധിക ശനിയാഴ്ചകള്‍ കൂടി വരുന്നതോടെ ഹൈസ്‌കൂളില്‍ 205 പ്രവൃത്തിദിനങ്ങളുണ്ടാകും. യുപി ക്ലാസുകളില്‍ 200 പ്രവൃത്തിദിനങ്ങളും, എല്‍പിയില്‍ 198 പ്രവൃത്തിദിനങ്ങളുമുണ്ടാകും. യുപി ക്ലാസുകളില്‍ രണ്ട് ശനിയാഴ്ചകള്‍ കൂടി അധ്യയനദിനമാക്കുമെങ്കിലും തുടര്‍ച്ചയായി ആറു പ്രവൃത്തിദിനം വരാത്ത രീതിയിലാകും ക്രമീകരിക്കുന്നത്.