KSRTC Student Concession Card: സ്റ്റുഡന്റ് കണ്‍സെഷന്‍ സ്മാര്‍ട്ട് കാര്‍ഡ് വരുന്നു; 109 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ യാത്ര
KSRTC To Introduce Student Concession Smart Card: ചിപ്പോട് കൂടിയാണ് കാര്‍ഡുകള്‍ വരുന്നത്. രണ്ട് വര്‍ഷമാണ് കാര്‍ഡിന്റെ ആകെ കാലാവധി. കാലാവധി അവസാനിക്കുമ്പോള്‍ കണ്ടക്ടര്‍ മുഖാന്തരം കാര്‍ഡുകള്‍ പുതുക്കണം. ശനിയാഴ്ച കൂടി പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ നടപടി കൂടി പരിഗണിച്ചാണ് കാര്‍ഡ് ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കെബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്ന നടപടി ക്രമങ്ങളില്‍ കെഎസ്ആര്‍ടിസി മാറ്റത്തിനൊരുങ്ങുന്നതായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. കുട്ടികള്‍ക്ക് ഇനി മുതല്‍ കണ്‍സെഷന് വേണ്ടി സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. 20 ദിവസത്തിനുള്ളില്‍ സ്മാര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കാനാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.
ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 109 രൂപയ്ക്കാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുക. കാര്‍ഡ് എടുക്കുന്നതിനായി 109 രൂപയാണ് പ്രതിവര്‍ഷം ഒരു വിദ്യാര്‍ഥി നല്‍കേണ്ടത്. മാസത്തില്‍ 25 ദിവസം നിശ്ചയിക്കപ്പെട്ട റൂട്ടുകളില്‍ ഈ കാര്‍ഡ് ഉപയോഗിച്ച് വിദ്യാര്‍ഥിക്ക് യാത്ര ചെയ്യാം.
പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തേക്കാണ് കാര്‍ഡ് അനുവദിക്കുക. പ്ലസ് വണിന് ശേഷം കണ്ടക്ടറുടെ കൈവശം കാര്‍ഡ് കൊടുത്ത് വിദ്യാര്‍ഥികള്‍ക്ക് അവ പുതുക്കിയെടുക്കാവുന്നതാണ്. രണ്ട് ബസ് കയറിയാണ് സ്‌കൂളില്‍ പോകേണ്ടതെങ്കില്‍ ആ വിവരവും കാര്‍ഡില്‍ ഉണ്ടായിരിക്കും.
ചിപ്പോട് കൂടിയാണ് കാര്‍ഡുകള്‍ വരുന്നത്. രണ്ട് വര്‍ഷമാണ് കാര്‍ഡിന്റെ ആകെ കാലാവധി. കാലാവധി അവസാനിക്കുമ്പോള്‍ കണ്ടക്ടര്‍ മുഖാന്തരം കാര്‍ഡുകള്‍ പുതുക്കണം. ശനിയാഴ്ച കൂടി പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ നടപടി കൂടി പരിഗണിച്ചാണ് കാര്‍ഡ് ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്റ്റുഡന്റ് കാര്‍ഡ് പുതിയ കെഎസ്ആര്‍ടിസി കാര്‍ഡ് ആക്കി മാറ്റേണ്ട ആവശ്യമില്ല. സ്റ്റുഡന്റ് കാര്‍ഡ് കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് ആക്കി മാറ്റാവുന്നതാണ്. മാധ്യമ പ്രവര്‍ത്തകര്‍, അംഗപരിമിതര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേക സ്മാര്‍ട്ട് കാര്‍ഡുകള്‍ വരുമെന്നും ഗണേഷ് കുമാര്‍.