Kerala LD Clerk Rank List : എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് തീരാന്‍ ഒരാഴ്ച മാത്രം; ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീര്‍ കണ്ടു; ‘വടി’യെടുത്ത് സര്‍ക്കാര്‍
Kerala LD Clerk Rank Appointment: കമ്മീഷന്റെ ഇ വേക്കന്‍സി സോഫ്റ്റ്‌വെയറിലൂടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഉറപ്പുവരുത്തണം. ഈ ഒഴിവുകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ജൂലൈ 31ന് അകം വകുപ്പ് മേധാവികള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിലുണ്ട്
എല്‍ഡി ക്ലര്‍ക്ക് റാങ്ക് (207/2019) ലിസ്റ്റ് ജൂലൈയില്‍ അവസാനിരിക്കെ എല്ലാ ഒഴിവുകളും കൃത്യമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. റാങ്ക് പട്ടികകളില്‍ നിന്നും കൂടുതല്‍ നിയമനങ്ങള്‍ നടത്തുകയാണ് സര്‍ക്കാര്‍ നയമെന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വകുപ്പുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഒഴിവുകള്‍ ഉണ്ടാകുമ്പോള്‍ തന്നെ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പു മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓരോ കലണ്ടര്‍ വര്‍ഷത്തെയും പ്രതീക്ഷിത ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ നിന്നു കുറവ് നിയമനങ്ങള്‍ മാത്രമാണ് നടന്നതെന്ന് ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കി. പരമാവധി നിയമനങ്ങള്‍ നടത്തണമെന്നായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. തുടര്‍ന്നാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ജൂലൈ 31നാണ് വിവിധ ജില്ലകളിലെ എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്. ഇതിന് മുമ്പ് പരമാവധി നിയമനങ്ങള്‍ നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിരമിക്കല്‍, സ്ഥാനക്കയറ്റം, ഡെപ്യൂട്ടേഷന്‍, ദീര്‍ഘകാലത്തേക്കുള്ള അവധി തുടങ്ങിയ കാരണങ്ങളാല്‍ റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
പിഎസ്‌സി വഴി നികത്തേണ്ട എല്ലാ ഒഴിവുകളും കൃത്യമായി മുന്‍കൂട്ടി കണക്കാക്കണം. കമ്മീഷന്റെ ഇ വേക്കന്‍സി സോഫ്റ്റ്‌വെയറിലൂടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഉറപ്പുവരുത്തണം. ഈ ഒഴിവുകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ജൂലൈ 31ന് അകം വകുപ്പ് മേധാവികള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിലുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനില്ലെങ്കില്‍ അക്കാര്യവും അറിയിക്കണം.




Read Also: KEAM Rank List 2025: ജൂണ്‍ അവസാനിക്കാന്‍ ഒരാഴ്ച മാത്രം; കീം റാങ്ക് ലിസ്റ്റ് ഈ മാസം പ്രതീക്ഷിക്കാമോ?
ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഉറപ്പുവരുത്തണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
എല്‍ഡി ക്ലര്‍ക്ക്, എല്‍ജിഎസ് തസ്തികകളിലായി ഇരുപതിനായിരത്തിലേറെ പേര്‍ നിയമനം കാത്തുനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 45 ശതമാനത്തോളം പേര്‍ക്കാണ് രണ്ട് റാങ്ക് ലിസ്റ്റുകളിലുമായി ഇതുവരെ നിയമനം ലഭിച്ചത്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ മാത്രമാണ് എല്‍ഡി ക്ലര്‍ക്ക് നിയമന ശുപാര്‍ശ ആയിരം കടന്നത്.