MBBS/BDS Second round Allotment: എം.ബി.ബി.എസ്./ ബി.ഡി.എസ്. സംസ്ഥാന ക്വാട്ട; രണ്ടാംഘട്ട താത്‌കാലിക അലോട്മെന്റ് എത്തി
MBBS, BDS, state quota Second phase allotment: ഒന്നാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം താത്കാലിക അലോട്മെന്റ് സംബന്ധിച്ച് വിദ്യാർഥികളിൽ നിന്നു ലഭിച്ച പരാതികൾ പരിഹരിച്ചിരുന്നു.
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും 2024-ലെ എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട താത്‌കാലിക അലോട്മെന്റാണ് പ്രസിദ്ധീകരിച്ചത്.
പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലിൽ കയറിയാൽ അലോട്മെന്റ് സംബന്ധിച്ചുള്ള പൂർണമായ ലിസ്റ്റ് കാണാവുന്നതാണ്. അതിനായി വെബ്സൈറ്റിൽ കയറിയ ശേഷം വിദ്യാർഥികൾ കെ.ഇ.എ.എം.-2024 കാൻഡിഡേറ്റ് പോർട്ടലിലെ അലോട്മെന്റ് ലിസ്റ്റ് എന്ന മെനു ക്ളിക്ക് ചെയ്യുക. അപ്പോൾ താത്‌കാലിക അലോട്മെന്റ് ലിസ്റ്റ് പ്രത്യക്ഷപ്പെടും.
ഇത് പരിശോധിച്ച ശേഷം താത്കാലിക അലോട്മെന്റ് ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തരം അറിയിക്കാവുന്നതാണ്. 27-ന് രാവിലെ 11 മണിവരെയാണ് പരാതി അറിയിക്കാനുള്ള സമയം. പരാതികൾ പരിഹരിച്ചശേഷമുള്ള അന്തിമ അലോട്മെന്റ് 27-ന് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറായ 0471-2525300-ൽ ബന്ധപ്പെടാവുന്നതാണ്. ഒന്നാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം താത്കാലിക അലോട്മെന്റ് സംബന്ധിച്ച് വിദ്യാർഥികളിൽ നിന്നു ലഭിച്ച പരാതികൾ പരിഹരിച്ചിരുന്നു. ഇതിനു ശേഷമാണ് രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അലോട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ പേരിൽ അടയ്ക്കേണ്ട ഫീസ് ഓൺലൈൻ പേയ്‌മെന്റ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തരമോ നൽകേണ്ടതാണ്.
ഇതിനുശേഷം അലോട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടേണ്ടത്. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ അഞ്ചിന് വൈകീട്ട് നാലുവരെയായിരുന്നു ഒന്നാഘട്ട അലോട്മെന്റ് ലഭിച്ചവർക്ക് പ്രവേശനം നേടാനുള്ള അവസരം.