NCERT Textbook: പുതിയ എട്ടാം ക്ലാസിലെ പുസ്തകം കണ്ടോ? ഇനി പഴയ കഥകളും പുതിയ കാര്യങ്ങളും കോർത്തിണക്കിയ പഠനം
NCERT New Textbook: ശാസ്ത്രീയ പൈതൃകം എന്ന വിഭാഗത്തിൽ, ആധുനിക വാക്സിനുകൾ വരുന്നതിനു വളരെമുൻപേ വസൂരിക്ക് ഇന്ത്യയിൽ പാരമ്പര്യ പ്രതിവിധികളുണ്ടായിരുന്നതായും പരാമർശിക്കുന്നുണ്ട് എന്നാണ് വിവരം.
ന്യൂഡൽഹി: പുതിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നിറയെ രസകരമായ കാര്യങ്ങൾ നിറച്ച് എൻസിഇആർടി. ഇന്ത്യയുടെ പരമ്പരാഗത വൈജ്ഞാനികസമ്പ്രദായത്തെ ആധുനിക ശാസ്ത്രത്തോട് കൂട്ടിയിണക്കിയാണ് പുതിയ പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്ര പുസ്തകത്തിലാണ് ഇത്തരത്തിൽ പഴമയെയും കൂട്ടുചേർത്തിട്ടുള്ളത്.
ക്രിസ്തുവർഷാരംഭത്തിനു മുൻപ് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്ന കണാദാചാര്യന്റെ പരമാണു സങ്കല്പവും ആയുർവേദത്തിലെ ചികിത്സാരീതികളും എല്ലാം പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട് എന്നാണ് വിവരം. വിദ്യാർഥികളിൽ ജിജ്ഞാസയും പാരിസ്ഥിതിക അവബോധവും ധാർമികമൂല്യങ്ങളും വിമർശനാത്മകചിന്തയും വികസിപ്പിക്കാനാണ് പാരമ്പര്യവിജ്ഞാനത്തെ ആധുനിക ശാസ്ത്രവിദ്യാഭ്യാസവുമായി ബന്ധിപ്പിച്ചതെന്ന് വ്യക്തമാക്കുന്നു.
പുസ്തകത്തിന്റെ ആമുഖത്തിൽത്തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ശാസ്ത്രീയ പൈതൃകം എന്ന വിഭാഗത്തിൽ, ആധുനിക വാക്സിനുകൾ വരുന്നതിനു വളരെമുൻപേ വസൂരിക്ക് ഇന്ത്യയിൽ പാരമ്പര്യ പ്രതിവിധികളുണ്ടായിരുന്നതായും പരാമർശിക്കുന്നുണ്ട് എന്നാണ് വിവരം. കോവിഡ് കാലത്ത് ആഗോളതലത്തിൽ ഇന്ത്യൻ വാക്സിൻ കമ്പനികൾ വഹിച്ച പങ്കിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.
ഐഎസ്ആർഒയുടെ വിവിധ ദൗത്യങ്ങളെക്കുറിച്ചും ഭാസ്കര രണ്ടാമന്റെ കാലത്ത് ഇന്ത്യൻ ജ്യോതിശ്ശാസ്ത്രജ്ഞർ പ്രതിബിംബങ്ങളുപയോഗിച്ച് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം അളന്നിരുന്നെന്നും പുസ്തകത്തിൽ പറയുന്നു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് 228 പേജുള്ള പുതിയ പാഠപുസ്തകമിറക്കിയത്. മൊത്തം 13 അധ്യായങ്ങളാണ് ഇതിൽ ഉള്ളത്.