School Newspaper Reading: 10 മിനിറ്റ് പത്രം വായിക്കാതെ വേറെ വഴിയില്ല, സ്കൂൾ കുട്ടികളെ പുതിയ ശീലം പഠിപ്പിക്കാൻ വീണ്ടും അധികൃതർ രംഗത്ത്
New rule in schools related to paper reading: നാട്ടിലും ലോകത്തും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം കുട്ടികളിൽ വളർത്തുക, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, വായനയോടുള്ള താൽപര്യം ജനിപ്പിക്കുക എന്നിവയാണ് ഈ മാതൃകാപരമായ പദ്ധതിയിലൂടെ രാജസ്ഥാൻ സർക്കാർ ലക്ഷ്യമിടുന്നത്.
ന്യൂഡൽഹി: കുട്ടികളിൽ വായനാശീലവും ഭാഷാപരമായ അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കി രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ്. സർക്കാർ സ്കൂളുകളിൽ ദിവസവും 10 മിനിറ്റ് സമയം പത്രവായനയ്ക്കായി മാത്രം നീക്കിവെക്കാനാണ് പുതിയ ഉത്തരവ്.
സ്കൂൾ അസംബ്ലി സമയത്ത് ദേശീയ-അന്തർദേശീയ വാർത്തകൾക്കും കായിക വാർത്തകൾക്കും പുറമെ പത്രങ്ങളിലെ മുഖപ്രസംഗങ്ങളും ഉറക്കെ വായിച്ച് കേൾപ്പിക്കും. ദിവസവും പത്രത്തിൽ നിന്ന് കണ്ടെത്തുന്ന അഞ്ച് പുതിയ വാക്കുകളും അവയുടെ അർത്ഥവും കുട്ടികൾക്ക് പരിചയപ്പെടുത്തും. ഇത് ഭാഷാ നൈപുണ്യം മെച്ചപ്പെടുത്താൻ സഹായിക്കും. 6 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് വായനയുടെ ചുമതല നൽകുക.
ഓരോ ദിവസവും മാറി മാറി കുട്ടികൾക്ക് അവസരം നൽകുന്നതിലൂടെ അവരുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. എല്ലാ സർക്കാർ സ്കൂളുകളിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കുറഞ്ഞത് രണ്ട് പത്രങ്ങളെങ്കിലും നിർബന്ധമായും വരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
നാട്ടിലും ലോകത്തും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം കുട്ടികളിൽ വളർത്തുക, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, വായനയോടുള്ള താൽപര്യം ജനിപ്പിക്കുക എന്നിവയാണ് ഈ മാതൃകാപരമായ പദ്ധതിയിലൂടെ രാജസ്ഥാൻ സർക്കാർ ലക്ഷ്യമിടുന്നത്.
യുപിയ്ക്ക് പിന്നാലെ
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുന്നതിനുമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ പത്രവായന നിർബന്ധമാക്കാൻ ഉത്തർപ്രദേശ് സർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി പാർത്ഥസാർഥി സെൻ ശർമ്മയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അറിവ് വർദ്ധിപ്പിക്കുന്നതിനൊപ്പം കുട്ടികളിൽ വിമർശനാത്മക ചിന്താശേഷിയും ഏകാഗ്രതയും വളർത്തിയെടുക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.