Kerala PSC Exam Calendar 2026: ഈ വര്‍ഷം പിഎസ്‌സി നടത്തുന്നത് 679 തസ്തികകളിലേക്കുള്ള പരീക്ഷകള്‍; ബിരുദതല പ്രിലിമിനറി എന്ന് മുതല്‍? വിശദാംശങ്ങള്‍ പുറത്ത്
Kerala PSC Exam Schedule 2026 Out: പിഎസ്‌സി) 2026 ലെ പരീക്ഷാ കലണ്ടര്‍ പുറത്തുവിട്ടു. 679 തസ്തികകളുടെ പരീക്ഷാ കലണ്ടറാണ് കമ്മീഷന്‍ പുറത്തുവിട്ടത്. പ്രിലിമിനറി, മുഖ്യപരീക്ഷകള്‍, ഒറ്റത്തവണ പരീക്ഷകള്‍ എന്നിവ ഏകദേശം ഏത് മാസത്തില്‍ നടക്കുമെന്ന് കലണ്ടറില്‍ വ്യക്തമാകും
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) 2026 ലെ പരീക്ഷാ കലണ്ടര്‍ പുറത്തുവിട്ടു. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കലണ്ടര്‍ ലഭ്യമാണ്. 679 തസ്തികകളുടെ സാധ്യതാ പരീക്ഷാ കലണ്ടറാണ് കമ്മീഷന്‍ പുറത്തുവിട്ടത്. പ്രിലിമിനറി, മുഖ്യപരീക്ഷകള്‍, ഒറ്റത്തവണ പരീക്ഷകള്‍ എന്നിവ ഏകദേശം ഏത് മാസത്തില്‍ നടക്കുമെന്ന് എക്‌സാം കലണ്ടറില്‍ വ്യക്തമാകും. പ്രധാന പരീക്ഷകളുടെ സാധ്യതാ ഷെഡ്യൂളുകള്‍ പരിശോധിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷ മെയ്-ജൂലൈ മാസത്തില്‍ നടക്കും. ഓഗസ്ത്-ഒക്ടോബര്‍ മാസത്തില്‍ മുഖ്യപരീക്ഷ നടത്തും. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, കമ്പനി/ബോര്‍ഡ്/കോര്‍പറേഷന്‍ അസിസ്റ്റന്റ്, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്, അസിസ്റ്റന്റ് ജെയിലര്‍, കെഎടി അസിസ്റ്റന്റ് തുടങ്ങി തസ്തികകളിലേക്കുള്ള പരീക്ഷകളാണ് ബിരുദതലത്തില്‍ ഉള്‍പ്പെടുന്നത്.
പത്താം ക്ലാസ് തല പൊതുപ്രാഥമിക പരീക്ഷകള്‍ ജൂലൈ-സെപ്തംബര്‍ മാസത്തില്‍ നടത്താനാണ് നീക്കം. മുഖ്യപരീക്ഷ ഒക്ടോബര്‍-ഡിസംബര്‍ മാസത്തിലും നടത്തും. കമ്പനി/ബോര്‍ഡ്/കോര്‍പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, ബെവ്‌കോ എല്‍ഡി ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സെപ്തംബര്‍-നവംബര്‍ മാസത്തിലാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയ്ക്ക് പ്രിലിമിനറിയില്ലെന്നാണ് സൂചന. മെയ്-ജൂലൈ മാസത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്കുള്ള പരീക്ഷ നടത്തും. അസിസ്റ്റന്റ് പ്രൊഫസര്‍-മെഡിക്കല്‍ വിദ്യാഭ്യാസം, സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷകളും മെയ്-ജൂലൈ മാസത്തില്‍ നടത്തും.
പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പരീക്ഷ ജൂണ്‍-ഓഗസ്ത് മാസത്തിലും, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് ജൂലൈ-സെപ്തംബര്‍ മാസത്തിലേക്കും പരീക്ഷ നടക്കും. പരീക്ഷാ ഷെഡ്യൂള്‍ വിശദമായി ഇവിടെ ലഭിക്കും.