Ram sewak: നിസാംപൂർ ഗ്രാമത്തിലെ ആദ്യത്തെ പത്താം ക്ലാസ് വിജയി; പഠിക്കാനായി കൂലിപ്പണിക്കാരനായ രാം സേവകിന്റെ ജീവിതം
Ram Sewak Inspiration Story: ഏഴ് പേരടങ്ങുന്ന കുടുംബം ഒരു ചെറിയ ഓല മേഞ്ഞ കുടിലിലാണ് താമസിക്കുന്നത്. കുടുംബത്തിന് അധിക വരുമാനം കണ്ടെത്തുന്നതിനായി വിവാഹ ഘോഷയാത്രകളിൽ തലയിൽ വിളക്ക് ചുമക്കാൻ രാം പോകുമായിരുന്നു.
ജില്ലാ മജിസ്‌ട്രേറ്റിന്റെ ഫോൺ കോൾ കേട്ട് ഉത്തർപ്രദേശിലെ നിസാംപൂർ സ്വദേശിയായ രാം സേവക് ഞെട്ടിപ്പോയി, തന്റെ ഗ്രാമത്തിൽ നിന്ന് പത്താം ക്ലാസ് പാസായ ആദ്യ വ്യക്തിയായ 16 വയസ്സുകാരന് ആ നേട്ടത്തിന്റെ ഗൗരവം മനസ്സിലായില്ല. കാലിൽ ഷൂസ് ഇല്ലാതെ എങ്ങനെ ജില്ലാ മജിസ്‌ട്രേറ്റിനെ കാണാൻ പോകും? അതായിരുന്നു അവൻ ചിന്തിച്ചത്.
സ്വാതന്ത്ര്യം നേടി 78 വർഷത്തിനിടെ, യുപിയിലെ ബരാബങ്കിയിലെ നിസാംപൂർ ഗ്രാമത്തിൽ നിന്ന് 55% മാർക്ക് നേടി ബോർഡ് പരീക്ഷ പാസായ ആദ്യ വ്യക്തിയാണ് രാം സേവക്. ദാരിദ്രത്തിനും പ്രതിബന്ധങ്ങൾക്കെതിരെ പോരാടി വിജയം നേടിയ രാം സേവകിന്റെ ജീവിതം വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രചോദനമാണ്.
ഏകദേശം 300 പേർ താമസിക്കുന്ന ഉത്തർപ്രദേശിലെ ഗ്രാമമാണ് നിസാംപൂർ. കല്ലുപാകിയ ഒരു റോഡും ഒരു പ്രൈമറി സ്കൂളും, ഒരു ക്ഷേത്രവും അടങ്ങുന്ന ചെറിയ ഗ്രാമം. അവിടത്തെ പുരുഷന്മാരിൽ ഭൂരിഭാഗവും ദിവസവേതനക്കാരാണ്. രാം സേവകിന്റെ പിതാവ് ജഗദീഷ് പ്രസാദും അങ്ങനെ തന്നെ.
ALSO READ: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് എന്ന വന്മരം വീണു; ഇനി പ്ലസ് ടു റിസല്‍ട്ട്; ഫലപ്രഖ്യാപനം എന്ന്?
രാം സേവക്, അച്ഛൻ ജഗദീഷ് പ്രസാദ്, അമ്മ പുഷ്പ, രണ്ട് ഇളയ സഹോദരന്മാർ, രണ്ട് സഹോദരിമാർ എന്നിങ്ങനെ ഏഴ് പേരടങ്ങുന്ന കുടുംബം ഒരു ചെറിയ ഓല മേഞ്ഞ കുടിലിലാണ് താമസിക്കുന്നത്. കുടുംബത്തിന് അധിക വരുമാനം കണ്ടെത്തുന്നതിനായി വിവാഹ ഘോഷയാത്രകളിൽ തലയിൽ വിളക്ക് ചുമക്കാൻ രാം പോകുമായിരുന്നു. വീട്ടിൽ വൈദ്യുതിയില്ല. എംഎൽഎ ക്വാട്ടയിൽ നൽകുന്ന സോളാർ ലൈറ്റ് മാത്രമാണ് അവരുടെ ആശ്രയം. പകൽ ജോലി കഴിഞ്ഞ് ഇവിടെയിരുന്നാണ് രാം പഠിക്കുന്നത്. ഗ്രാമത്തിലെ പ്രൈമറി സ്കൂളിൽ നിന്ന് പഠനം ആരംഭിച്ച രാമിന് എഞ്ചിനീയർ ആകാനാണ് ആഗ്രഹം.
‘ദാരിദ്ര്യമാണ് ഒരാളെ എല്ലാം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. വിവാഹ സീസണിൽ, വിവാഹ ഘോഷയാത്രകളിൽ ഞാൻ തലയിൽ വിളക്ക് പിടിക്കാറുണ്ട്. അതിൽ നിന്ന് ഒരു രാത്രിക്ക് 200-300 രൂപ ലഭിക്കും. വിവാഹ സീസൺ അവസാനിക്കുമ്പോൾ, ഞാൻ കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്നു. ഞാൻ സമ്പാദിക്കുന്നതെല്ലാം പുസ്തകങ്ങൾ, ഫീസ് തുടങ്ങി എന്റെ പഠനത്തിനായാണ് ചെലവഴിക്കുന്നത്’ റാം സേവക് പറയുന്നു.