RRB NTPC Result 2025: ആര്‍ആര്‍ബി എന്‍ടിപിസി ഫലപ്രഖ്യാപനം ഉടന്‍ തന്നെ; പുതിയ അപ്‌ഡേറ്റ്
RRB NTPC First Stage Result Soon: സെപ്തംബര്‍ മൂന്നാം വാരത്തിനുള്ളില്‍ റിസള്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേരത്തെ അധികൃതര്‍ യോഗം ചേര്‍ന്നിരുന്നു. എത്രയും വേഗം ഫലം പുറത്തുവിടാന്‍ തന്നെയാണ് ആര്‍ആര്‍ബിയുടെ ശ്രമം
ആര്‍ആര്‍ബി എന്‍ടിപിസി ഗ്രാജുവേറ്റ് ലെവല്‍ ആദ്യ ഘട്ട പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനായുള്ള ഉദ്യോഗാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്നാണ് അനൗദ്യോഗിക സൂചന. നിലവില്‍ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന് ആര്‍ആര്‍ബി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സെപ്തംബറില്‍ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് ആര്‍ആര്‍ബി വൃത്തങ്ങള്‍ ചില മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. സെപ്തംബര്‍ മൂന്നാം വാരത്തിനുള്ളില്‍ റിസള്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേരത്തെ അധികൃതര്‍ യോഗം ചേര്‍ന്നിരുന്നു. എത്രയും വേഗം ഫലം പുറത്തുവിടാന്‍ തന്നെയാണ് ആര്‍ആര്‍ബിയുടെ ശ്രമം.
ജൂണ്‍ അഞ്ച് മുതല്‍ 24 വരെയുള്ള തീയതികളാണ് പരീക്ഷ നടന്നത്. ഓരോ മാർക്ക് വീതമുള്ള 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഓരോ തെറ്റായ ഉത്തരത്തിനും മൂന്നിലൊന്ന് നെഗറ്റീവ് മാർക്കും നല്‍കി. ജൂലൈ 1-ന് താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി. ഒബ്ജക്ഷന്‍ അറിയിക്കാന്‍ ജൂലൈ ആറു വരെ സമയം അനുവദിച്ചു.




ഗ്രാജുവേറ്റ് ലെവലില്‍ 8,113 തസ്തികകളാണുണ്ടായിരുന്നത്. ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ-1,736, സ്റ്റേഷൻ മാസ്റ്റർ-994, ഗുഡ്‌സ് ട്രെയിൻ മാനേജർ-3,144, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്-1,507, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്-732 എന്നിങ്ങനെയാണ് ഒഴിവുകള്‍. സിബിടി 1 പാസാകുന്നവര്‍ക്ക് രണ്ടാം ഘട്ട പരീക്ഷയെഴുതാം. ഫലപ്രഖ്യാപനത്തിനുശേഷം തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിവിധ ആര്‍ആര്‍ബികളുടെ വെബ്‌സൈറ്റിലൂടെ സ്‌കോര്‍കാര്‍ഡ് പരിശോധിക്കാം.