SBI Recruitment 2025: എസ്ബിഐ സ്‌പെഷ്യലിസ്റ്റ് കേഡര്‍ തസ്തികയിലേക്ക് ഇനിയും അപേക്ഷിക്കാം; സമയപരിധി നീട്ടി
SBI Specialist Cadre Office recruitment 2025: എസ്ബിഐയില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ തസ്തികയിലേക്കുള്ള അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. ജനുവരി അഞ്ച് വരെ അപേക്ഷിക്കാം. ഡിസംബര്‍ 23 വരെയാണ് ആദ്യം സമയപരിധി അനുവദിച്ചിരുന്നത്
എസ്ബിഐയില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ തസ്തികയിലേക്കുള്ള അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. 2026 ജനുവരി അഞ്ച് വരെ അപേക്ഷിക്കാം. നേരത്തെ ഡിസംബര്‍ 23 വരെയാണ് സമയപരിധി അനുവദിച്ചിരുന്നത്. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് പുതിയ സമയപരിധി ഉപകാരപ്രദമാണ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://sbi.bank.in/web/careers/current-openings ൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ അവരുടെ റെസ്യൂമെ, ഐഡി പ്രൂഫ്, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, പിഡബ്ല്യുബിഡി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ എല്ലാ പ്രസക്തമായ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
വിപി വെല്‍ത്ത് (എസ്ആര്‍എം), എവിപി വെല്‍ത്ത് (ആര്‍എം), കസ്റ്റംമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഇതില്‍ ആദ്യ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 26-42 ആണ്. രണ്ടാമത്ത തസ്തികയിലേക്ക് 23 വയസ് മുതല്‍ 35 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 20-35 പ്രായപരിധിയിലുള്ളവര്‍ക്ക് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കും അപേക്ഷിക്കാം.
Also Read: CUET UG 2026: സിയുഇടി യുജി 2026 പരീക്ഷ മെയ് മാസത്തില്‍; സിലബസ് എങ്ങനെ കിട്ടും?
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒന്നിലേറെ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. വിപി വെല്‍ത്ത് എസ്ആര്‍എം തസ്തികയില്‍ ആകെ 506 ഒഴിവുകളുണ്ട് (തിരുവനന്തപുരം സര്‍ക്കിളില്‍ 66). 206 ഒഴിവുകളാണ് എവിപി വെല്‍ത്ത് ആര്‍എം തസ്തികയിലുള്ളത് (തിരുവനന്തപുരം സര്‍ക്കിളില്‍ 11). കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ ആകെ 284 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം സര്‍ക്കിളില്‍ 35 ഒഴിവുകള്‍.
ഉദ്യോഗാര്‍ത്ഥികളുടെ പരിചയസമ്പത്ത്, നിലവിലെ ശമ്പളം തുടങ്ങിയവയെ ആശ്രയിച്ചായിരിക്കും സിടിസി തീരുമാനിക്കുന്നത്. അഞ്ച് വര്‍ഷമാണ് കരാര്‍ കാലാവധി.
വിപി വെല്‍ത്ത് (എസ്ആര്‍എം) തസ്തികയിലേക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എംബിഎ (ബാങ്കിങ്/ഫിനാന്‍സ്/മാര്‍ക്കറ്റിങ്) പാസായവര്‍ക്ക് അപേക്ഷിക്കാം. NISM V-A, XXI-A, CFP/CFA പോലുള്ള സർട്ടിഫിക്കേഷനുകൾ വേണം. പൊതു, സ്വകാര്യ, വിദേശ ബാങ്കുകൾ, വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങൾ, എഎംസികൾ എന്നിവയിൽ വിൽപ്പന & മാർക്കറ്റിംഗിൽ 6 വർഷം പരിചയസമ്പത്ത് ആവശ്യമാണ്.
ബിരുദമുള്ളവര്‍ക്ക് എവിപി വെല്‍ത്ത് (ആര്‍എം) തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രമുഖ പൊതു, സ്വകാര്യ, വിദേശ ബാങ്കുകൾ, വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങൾ, എഎംസികൾ, എസ്‌ബിഐ വെൽത്ത് സിആർഇകൾ എന്നിവയിൽ പരിചയസമ്പത്ത് ആവശ്യമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് കസ്റ്റംമര്‍ റിലേഷന്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കും അപേക്ഷിക്കാം. 750 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസ് വേണ്ട. റിക്രൂട്ടുമെന്റുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങള്‍ നോട്ടിഫിക്കേഷന്‍ വായിക്കുക.