AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Teachers Job Loss Kerala : അഞ്ഞൂറിലേറെ അധ്യാപകരുടെ ജോലിപോകും, എയ്ഡഡ് മേഖലയെ കൈവിട്ട് സർക്കാർ

Aided school teachers face job loss: സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്ക് തസ്തിക നഷ്ടമായാൽ അവരെ പ്രൊട്ടക്റ്റഡ് ടീച്ചേഴ്സ് ആയി പരിഗണിച്ച് മറ്റ് സ്‌കൂളുകളിലേക്ക് മാറ്റാറുണ്ട്. എന്നാൽ എയ്ഡഡ് മേഖലയിൽ 2015 മുതലുള്ള നിയമനങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമല്ല.

Teachers Job Loss Kerala : അഞ്ഞൂറിലേറെ അധ്യാപകരുടെ ജോലിപോകും, എയ്ഡഡ് മേഖലയെ കൈവിട്ട് സർക്കാർ
Teacher job lossImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 30 Dec 2025 | 09:23 AM

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികൾ കുറഞ്ഞതിനെത്തുടർന്ന് 511 അധ്യാപകർക്ക് ജോലി നഷ്ടമായി. സർക്കാർ സ്‌കൂളുകളിൽ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ പുനർവിന്യസിക്കാനും സംരക്ഷിക്കാനും നിലവിൽ സംവിധാനങ്ങളുണ്ടെങ്കിലും, 2015-ന് ശേഷം നിയമിക്കപ്പെട്ട എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക കണക്കുകളിലാണ് ഈ ആശങ്കാജനകമായ വിവരമുള്ളത്.

 

സംരക്ഷണമില്ലാത്ത എയ്ഡഡ് അധ്യാപകർ

 

സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്ക് തസ്തിക നഷ്ടമായാൽ അവരെ പ്രൊട്ടക്റ്റഡ് ടീച്ചേഴ്സ് ആയി പരിഗണിച്ച് മറ്റ് സ്‌കൂളുകളിലേക്ക് മാറ്റാറുണ്ട്. എന്നാൽ എയ്ഡഡ് മേഖലയിൽ 2015 മുതലുള്ള നിയമനങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമല്ല. ഇതോടെ ജോലി നഷ്ടപ്പെട്ട നൂറുകണക്കിന് അധ്യാപകർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. സി.പി.എം. അനുകൂല സംഘടനയായ കെ.എസ്.ടി.എ. അടക്കമുള്ളവർ അധ്യാപകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമായിട്ടില്ല.

 

ഒഴിവുകളുണ്ടായിട്ടും പുനർവിന്യാസമില്ല

 

അധ്യാപകരെ പുനർവിന്യസിക്കാൻ സംസ്ഥാനത്ത് മൂവായിരത്തിലേറെ ഒഴിവുകൾ നിലവിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാർ വിചാരിച്ചാൽ ഈ അധ്യാപകരെ സംരക്ഷിക്കാൻ നിരവധി വഴികളുണ്ട്. പ്രഥമാധ്യാപകരെ നിയമിക്കുമ്പോൾ അവരുടെ പഴയ തസ്തികയിലുണ്ടാകുന്ന ആയിരത്തോളം ഒഴിവുകളിൽ ഇവരെ നിയമിക്കാം.

ALSO READ: യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമഗ്രശിക്ഷാ കേരളയുടെ (SSK) കീഴിലുള്ള 1385 ക്ലസ്റ്റർ കോഡിനേറ്റർ തസ്തികകളിൽ സംരക്ഷിത അധ്യാപകർക്ക് അവസരം നൽകാം. എയ്ഡഡ് സ്‌കൂളുകളിൽ പുതിയ തസ്തികകൾ വരുമ്പോൾ സംരക്ഷിത അധ്യാപകർക്ക് മുൻഗണന നൽകണമെന്ന വ്യവസ്ഥയുണ്ട്. ഏകദേശം 600 ഒഴിവുകൾ ഇത്തരത്തിലുണ്ട്. 1979-ന് ശേഷം ആരംഭിച്ചതോ അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകളിലെ നൂറിലേറെ ഒഴിവുകൾ പ്രയോജനപ്പെടുത്താം.

കൂടാതെ കൈറ്റി’ൽ (KITE) മാസ്റ്റർ ട്രെയിനർമാരായി ഇരുനൂറിലേറെ അധ്യാപകരുടെ ഒഴിവുണ്ട്. ഇത്രയേറെ സാധ്യതകളുണ്ടായിട്ടും തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ ഉൾക്കൊള്ളാൻ സർക്കാർ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ സ്കൂളുകളിൽ കുട്ടികൾ കുറയാൻ സാധ്യതയുള്ളതിനാൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.