SSC General Constable: കേന്ദ്ര പൊലീസ് സേനകളിൽ 25,487 ഒഴിവുകൾ; മലയാളത്തിലും പരീക്ഷ എഴുതാൻ അവസരം
SSC GD Constable Recruitment: ആകെ ഒഴിവുകളിൽ 23,467 ഒഴിവുകൾ പുരുഷന്മാർക്കും ബാക്കി 2,020 ഒഴിവുകൾ സ്ത്രീകൾക്കുമായി തരംതിരിച്ചിരിക്കുന്നു. ഡിസംബർ 31 വരെ നിങ്ങൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി ഒന്ന് വരെയാണ്.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി- ssc), കേന്ദ്ര സായുധ പോലീസ് (സിഎപിഎഫ്-CAPF), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌എസ്‌എഫ്-SSF), അസം റൈഫിൾസിലെ റൈഫിൾമാൻ തസ്തികകളിലായി 25,487 ജനറൽ ഡ്യൂട്ടി (ജിഡി) കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in വഴി അപേക്ഷിക്കാം. തസ്തികകളിലേക്കുള്ള പരീക്ഷ 2026 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ നടത്താനാണ് നിലവിൽ തീരുമാനമായിരിക്കുന്നത്.
ആകെ ഒഴിവുകളിൽ 23,467 ഒഴിവുകൾ പുരുഷന്മാർക്കും ബാക്കി 2,020 ഒഴിവുകൾ സ്ത്രീകൾക്കുമായി തരംതിരിച്ചിരിക്കുന്നു. പട്ടികജാതി (എസ്‌സി) വിഭാഗത്തിന് 3,702 ഒഴിവുകളും പട്ടികവർഗ (എസ്‌ടി) വിഭാഗത്തിന് 2,313 ഒഴിവുകളും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) 5,765 ഒഴിവുകളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് 2,605 ഒഴിവുകളും സംവരണമില്ലാത്ത (യുആർ) വിഭാഗത്തിന് 11,102 ഒഴിവുകളുമാണ് വിഭജിച്ചിരിക്കുന്നത്. പത്താം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), സശസ്ത്ര സീമാ ബൽ (എസ്എസ്ബി), ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), അസം റൈഫിൾസ് (എആർ), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്എസ്എഫ്) എന്നീ തസ്തികളിലായി നിയമിക്കും. ഡിസംബർ 31 വരെ നിങ്ങൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി ഒന്ന് വരെയാണ്.
ALSO READ: എസ്ബിഐയിൽ ജോലി നേടാം; എവിടെ എപ്പോൾ അപേക്ഷിക്കാം?
18 മുതൽ 23 വയസ് വരെ പ്രായമുള്ളവർക്ക് മാത്രമെ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കു. എസ്‌സി, എസ്ടി ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭ്യമാണ്. അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ പത്താം ക്ലാസ് പാസായിരിക്കണം, കൂടാതെ എൻസിസി സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവർക്ക് മുൻഗണനയും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
ssc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
അതിൽ GD കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസും അടച്ച ശേഷം സമർപ്പിക്കുക.