Nilambur By Election 2025: നിലമ്പൂരിൻ്റെ വിധി ഇന്നറിയാം; എട്ട് മണി മുതൽ വോട്ടെണ്ണൽ, 11 മണിക്കുള്ളിൽ ഫലപ്രഖ്യാപനം
Nilambur By Election Results Today: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ഫലം ഇന്നറിയാം. എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. 8.30നാവും ആദ്യ ഫലസൂചനകൾ.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. 8.30ന് ആദ്യ ഫലസൂചനകൾ ലഭിക്കും. 11 മണിക്കുള്ളിൽ ഫലമറിയാം. ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് വോട്ടെണ്ണൽ. 75.87 ശതമാനമായിരുന്നു പോളിങ് ശതമാനം. നിലമ്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി 10 മാസമാവും എംഎൽഎ സ്ഥാനത്തിരിക്കുക. results.eci.gov.in എന്ന വെബ്സൈറ്റിലൂടെ വോട്ടെണ്ണലിൻ്റെ വിവരങ്ങൾ അറിയാം.
മൊത്തം 263 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. 14 പോളിങ് ബൂത്തുകൾ വീതം 19 റൗണ്ടായാവും വോട്ടെണ്ണുക. 1403 പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ ആകെ 1,76,070 പേർ വോട്ട് ചെയ്തു. പോസ്റ്റൽ വോട്ടുകളാവും ആദ്യം എണ്ണുക. ശേഷം സർവീസ് വോട്ടുകളും പിന്നീട് ഇവിഎം മെഷീനിലെ വോട്ടുകളും എണ്ണും. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫിന് പ്രതീക്ഷയുള്ള ഇടങ്ങളാണ്. അതിനു ശേഷം എൽഡിഎഫ് സ്വാധീന മേഖലകളിലെ വോട്ടുകൾ എണ്ണും. യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത് മത്സരിച്ചപ്പോൾ എം സ്വരാജിനെപ്പോലുള്ള ശക്തനായ സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. അഡ്വക്കറ്റ് മോഹൻ ജോർജാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മുൻ എംഎൽഎ പിവി അൻവറും മത്സരിച്ചു.




മണ്ഡലത്തിൽ വിജയം സുനിശ്ചിതമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ആര്യാടൻ മുഹമ്മദിൻ്റെ കോട്ട മന ആര്യാടൻ ഷൗക്കത്തിലൂടെ തിരികെ പിടിക്കാൻ കഴിയുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. പതിനാരം വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. മറുവശത്ത് എം സ്വരാജ് ആണെന്നതാണ് അവരുടെ ആശങ്ക. സ്വരാജിൻ്റെ ജനപിന്തുണയിൽ എൽഡിഎഫ് പ്രതീക്ഷവെക്കുന്നു. തിരഞ്ഞെടുപ്പിന് മുൻപ് എം സ്വരാജിന് അനുകൂലമായി വന്ന ജനവികാരം വോട്ടാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ നേടിയ 8500 വോട്ടുകൾ എന്ന അക്കം 10,000 ആക്കാനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വക്കറ്റ് മോഹന്‍ ജോര്‍ജിൻ്റെ ശ്രമം. ഇത്ര തന്നെ വോട്ടുകളെങ്കിലും നേടാനാവുമെന്നാണ് പിവി അൻവറിൻ്റെയും പ്രതീക്ഷ.