Aaradhaya Devi: ‘ഗ്ലാമറിന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്; ഭാവിയിൽ എന്ത് വേഷവും ചെയ്യും’; അന്നത്തെ നിലപാടിൽ പശ്ചാത്താപമില്ലെന്ന് ആരാധ്യ ദേവി
Aaradhya Devi About Glamour Roles: ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന തൻ്റെ നിലപാട് അന്നത്തെ ചിന്തകളും സാഹചര്യങ്ങളും കാരണമായിരുന്നു എന്ന് നടി ആരാധ്യ ദേവി. അന്നത്തെ നിലപാടിൽ പശ്ചാത്താപമില്ല. ഇനി എന്ത് വേഷങ്ങളും ചെയ്യാൻ തയ്യാറാണെന്നും ആരാധ്യ ദേവി പറഞ്ഞു.
ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന പഴയ നിലപാടിൽ പശ്ചാത്താപമില്ലെന്ന് നടി ആരാധ്യ ദേവി. ഗ്ലാമറിന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ടെന്നും ഒരു 22 വയസുകാരിയുടെ അന്നത്ത സാഹചര്യം കാരണമാണ് അത് പറഞ്ഞതെന്നും ആരാധ്യ ദേവി വ്യക്തമാക്കി. രാം ഗോപാൽ വർമ്മയുടെ ബാനറിൽ ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ‘സാരി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ താരം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് തൻ്റെ നിലപാടറിയിച്ചത്.
അന്ന് താൻ പറഞ്ഞ വാക്കുകളിൽ ഇപ്പോഴും പശ്ചാത്താപമില്ലെന്ന് ആരാധ്യാ ദേവി പറഞ്ഞു. അന്നത്തെ തൻ്റെ ചിന്തകളും സാഹചര്യങ്ങളുമൊക്കെ അങ്ങനെയായിരുന്നു. വൈവിധ്യം നിറഞ്ഞ വേഷങ്ങൾ ഒരു നടിയെന്ന നിലയിൽ തങ്ങളുടെ ക്രാഫ്റ്റുകൾക്ക് ഊർജം പകരുമെന്ന് ഇപ്പോൾ താൻ വിശ്വസിക്കുന്നു. സാരി എന്ന സിനിമയിൽ ഗ്ലാമറസായ കഥാപാത്രമല്ല. അടുത്ത വീട്ടിലെ പെൺകുട്ടി എന്ന തരത്തിലുള്ള വേഷമാണ്. എന്നാൽ, വില്ലൻ്റെ സാങ്കല്പിക ലോകത്തിൽ, അയാളുടെ ഭാവനയിൽ അതൊരു സെക്സിയായ യുവതിയാണ്. അത് കാണിക്കുന്നതിനായാണ് സിനിമയിൽ ചില ഗ്ലാമർ രംഗങ്ങൾ ചെയ്തത് എന്നും ആരാധ്യ ദേവി കൂട്ടിച്ചേർത്തു.
തന്നെ സംബന്ധിച്ച് ഇന്ന് ഗ്ലാമറിന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. വസ്ത്രത്തിന് അതിൽ പ്രസക്തിയില്ല. ഗ്ലാമറെന്നാൽ ഒരു വികാരമാണ്. അത് എല്ലാ വ്യക്തികളെയും ബാധിക്കും. ചിലർക്ക് വസ്ത്രങ്ങളിലാവാം, മറ്റ് ചിലർക്ക് വികാരങ്ങളിലുമാവാം. പണ്ട് താൻ പറഞ്ഞതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരുപാട് ട്രോളുകൾ വരുന്നുണ്ട്. അന്നത്തെ 22കാരിയെ താൻ ഭാവിയിൽ കുറ്റം പറയില്ല. ഭാവിയിൽ ഏത് തരത്തിലുള്ള വേഷവും ചെയ്യുമെന്നും ആരാധ്യ ദേവി പ്രതികരിച്ചു.




തനിക്ക് ശ്രീലക്ഷ്മി എന്ന പേര് പണ്ടേ ഇഷ്ടമല്ലായിരുന്നു. സ്കൂളിലെ ഒരു ക്ലാസിൽ തന്നെ അഞ്ചോ ആറോ ശ്രീലക്ഷ്മിമാർ ഉണ്ടാവും. അപ്പോഴൊക്കെ ഒരു വ്യത്യസ്ത പേര് വേണമെന്നുണ്ടായിരുന്നു. ഇതേച്ചൊല്ലി അച്ഛനോടും അമ്മയോടും പരാതിപറയാറുണ്ടായിരുന്നു. ഒരവസരം വന്നപ്പോൾ പേര് മാറ്റാമെന്ന് തോന്നി. മാതാപിതാക്കളും രാം ഗോപാൽ വർമ്മ സറും ചില പേരുകൾ നിർദ്ദേശിച്ചു. അതിൽ നിന്നാണ് താൻ ആരാധ്യ എന്ന പേര് തിരഞ്ഞെടുത്തത്.
സിനിമ വലിയ ഒരു അനുഭവമായിരുന്നു. മോഡലിങ് പോലും താൻ ചെയ്തിട്ടില്ല. മോഡലിങ് ഒരു പാഷനേ ആയിരുന്നില്ല. അഭിനയം പണ്ടുമുതലേ ഇഷ്ടമായിരുന്നു. സ്കൂൾ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. എന്നാൽ, സാധാരണ കുടുംബത്തിലെ ഒരു പെൺകുട്ടിയെന്ന നിലയിൽ ആ സ്വപ്നം അന്നേ കുഴിച്ചുമൂടിയതാണ്. ഈ സിനിമ ഒരു സ്വപ്നം പോലെ സംഭവിച്ചതാണ്. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും തന്നെ ബാധിക്കില്ല. കാരണം ഇതൊക്കെ ഒരു സ്വപ്നം പോലെയാണ് തോന്നുന്നതെന്നും ആരാധ്യ ദേവി പറഞ്ഞു.
ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന സൈക്കളോജിക്കൽ ത്രില്ലർ സിനിമയാണ് സാരി. സത്യ യദുവാണ് വില്ലൻ വേഷത്തിലെത്തുന്നത്.