Indrans : ‘ഒരാഴ്ചയായി ഇരുന്ന് പഠിക്കുന്നു, എന്താകുമെന്ന് അറിയില്ല’; ഏഴാം ക്ലാസ് പരീക്ഷ എഴുതി നടന്‍ ഇന്ദ്രന്‍സ്
Indrans: നാലാം ക്ലാസിൽ പഠനം നിർത്തിയ താരം അറുപത്തിയെട്ടാം വയസിലാണ് വീണ്ടും പഠിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ഇന്ന് ഏഴാംതരം തുല്യത പരീക്ഷ എഴുതിയത്. നാളെയും പരീക്ഷയുണ്ട്. ഇത് വിജയിച്ചാല്‍ അടുത്തത് പത്താംതരം തുല്യതാ പരീക്ഷയെഴുതാനുള്ള യോഗ്യതയായി.
ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് നടൻ ഇന്ദ്രൻസ്. താരത്തിന്റെ വിശേഷങ്ങൾ എന്നും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ഒരിക്കൽ ഉപേക്ഷിക്കേണ്ടി വന്ന പഠനം വീണ്ടും ആരംഭിച്ചിരിക്കുകയാണ് താരം. ഇതിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ ഏഴാം ക്ലാസ് പരീക്ഷ എഴുതിയിരിക്കുകയാണ് താരം. തിരുവനന്തപുരം അട്ടക്കുളങ്ങര ഗവണ്‍മെന്റ് സെന്‍ട്രല്‍ ഹൈസ്‌ക്കൂളിലായിരുന്നു പരീക്ഷ. ഒരാഴ്ചയായി ഇരുന്ന് പഠിച്ചിട്ടുണ്ടെന്നും എന്താകുമെന്ന് അറിയില്ലെന്നും നടന്‍ പരീക്ഷ ഹാളിലേക്ക് കയറുന്നതിന് തൊട്ടുമുമ്പേ മാധ്യമങ്ങളോട് പ്രതികരിച്ചു. നാലാം ക്ലാസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നതാണ് . എന്നാൽ 68-ാം വയസിലും പഠനത്തോടുള്ള അഭിനിവേശം ഇന്ദ്രന്സ് അവസാനിപ്പിക്കാൻ തയാറല്ല.
ഇതിനു പിന്നാലെ ഇന്ദ്രൻസിനു അഭിനന്ദനങ്ങൾ അറിയിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത് എത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഏഴാംതരം തുല്യതാപരീക്ഷയെഴുതാൻ നടൻ ശ്രീ.ഇന്ദ്രൻസ് തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ എത്തിയപ്പോൾ..
അഭിനന്ദനങ്ങൾ ശ്രീ. ഇന്ദ്രൻസ്
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളിൽ പ്രതികരിച്ച് ഇന്ദ്രൻസ് എത്തിയിരുന്നു. റിപ്പോർട്ടിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘കുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ’ എന്നായിരുന്നു ഇന്ദ്രൻസിന്റെ മറുപടി. ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ചൂഷണങ്ങൾക്കെതിരെ നടപടി വേണമെന്നും, സർക്കാർ വേണ്ടതുപോലെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു.