5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report: ‘അമ്മ’യ്‌ക്കൊരിക്കലും വേട്ടക്കാരനൊപ്പം നില്‍ക്കാന്‍ സാധിക്കില്ല, അതിപ്പോള്‍ എത്ര ഉന്നതനാണെങ്കിലും: ജയന്‍ ചേര്‍ത്തല

Hema Committee Report Updates: സിനിമ തങ്ങളുടെ ഉപജീവനമാണ്. സിനിമ മേഖല പൂര്‍ണമായും കുഴപ്പം പിടിച്ച സ്ഥലമല്ല. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അമ്മയുടെ ഔദ്യോഗികമായ പ്രതികരണം ഉടന്‍ തന്നെ പ്രതീക്ഷിക്കാം.

Hema Committee Report: ‘അമ്മ’യ്‌ക്കൊരിക്കലും വേട്ടക്കാരനൊപ്പം നില്‍ക്കാന്‍ സാധിക്കില്ല, അതിപ്പോള്‍ എത്ര ഉന്നതനാണെങ്കിലും: ജയന്‍ ചേര്‍ത്തല
Jayan Cherthala (Social Media Image)
Follow Us
shiji-mk
SHIJI M K | Published: 23 Aug 2024 14:24 PM

കൊച്ചി: മലയാളം സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ എപ്പോഴും ഇരയ്‌ക്കൊപ്പമേ നില്‍ക്കൂവെന്ന് നടനും വൈസ് പ്രസിഡന്റുമായ ജയന്‍ ചേര്‍ത്തല. ഈ വിഷയത്തില്‍ അമ്മയില്‍ ഭിന്നതയില്ലെന്നും കൃത്യമായ നിലപാട് വ്യക്തമാക്കുമെന്നും ജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയ സമയത്ത് താരനിശയുടെ തിരക്കിലായിരുന്നു. അതിനാലാണ് പ്രതികരണം വൈകിയതെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.

സിനിമ തങ്ങളുടെ ഉപജീവനമാണ്. സിനിമ മേഖല പൂര്‍ണമായും കുഴപ്പം പിടിച്ച സ്ഥലമല്ല. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അമ്മയുടെ ഔദ്യോഗികമായ പ്രതികരണം ഉടന്‍ തന്നെ പ്രതീക്ഷിക്കാം. സിനിമ സെറ്റുകളില്‍ വേണ്ട സൗകര്യങ്ങള്‍ ഇല്ലെന്നുള്ളത് പണ്ടത്തെ കഥയാണ്. കാരവാന്‍ എല്ലാം ഇപ്പോള്‍ മാത്രമാണ് വന്നത്. എന്നാല്‍ വേതന ഏകീകരണം സിനിമാ മേഖലയില്‍ അസാധ്യമായിട്ടുള്ളതാണെന്നും ജയന്‍ പറഞ്ഞു.

Also Read: Hema Committee Report: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വിവരാവകാശ കമ്മീഷന്‍ പറഞ്ഞതിലും കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ വെട്ടിമാറ്റി

ഇത്തരത്തില്‍ ഒരു വിഷയവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ 2008ല്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അയച്ച മെയിലിന് മറുപടി ലഭിച്ചില്ലെന്ന് ഈ അടുത്താണ് അവര്‍ പറഞ്ഞത്. വിഷയത്തില്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കും. ഡബ്‌ള്യൂസിസി എന്ന സംഘടനയ്ക്ക് ബഹുമാനം നല്‍കുന്നു. ആ സംഘടന കാരണമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാനാണ് സമയമെടുക്കുന്നത്.

അതിപ്പോള്‍ എത്ര ഉന്നതനായ വ്യക്തി ആണെങ്കിലും അമ്മ വേട്ടക്കാരനൊപ്പം നില്‍ക്കില്ല. സിനിമാ മേഖലയില്‍ 15 അംഗ പവര്‍ ഗ്രൂപ്പുള്ളതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 129 പാരഗ്രാഫുകള്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പേജുകള്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ നീക്കം ചെയ്യാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ 129 പാരഗ്രാഫുകള്‍ സര്‍ക്കാര്‍ വെട്ടിമാറ്റി. സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് നീക്കം ചെയ്തതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

സ്വകാര്യത വെളിവാക്കുന്ന ഭാഗങ്ങള്‍ നീക്കിയതിന് ശേഷമുള്ള റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിന് പിന്നാലെ ഹൈക്കോടതി വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്. ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയതായി വിവരാകാശ നിയമപ്രകാരം അപേക്ഷിച്ചവരെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അപേക്ഷകരെ അറിയിക്കാതിരുന്ന ചില ഭാഗങ്ങള്‍ കൂടി സര്‍ക്കാര്‍ നീക്കം ചെയ്യുകയായിരുന്നു. അതിപ്രശസ്തരായിട്ടുള്ളവര്‍ ലൈംഗിക പീഡനം നടത്തിയെന്ന ഭാഗത്തിന് പിന്നാലെയുള്ള ഭാഗങ്ങളാണ് നീക്കം ചെയ്തത്. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. എന്നാല്‍ വിവരാവകാശ കമ്മീഷന്‍ വെട്ടിമാറ്റണമെന്ന് നിര്‍ദേശിച്ച 96ാം പാരഗ്രാഫ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്നില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ലൈംഗിക പീഡനം നടത്തിയത് സിനിമാ മേഖലയിലെ പ്രശസ്തരായിട്ടുള്ള ആളുകളാണ്. അത് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. അവരുടെ പേരുകളും കമ്മീഷന് മുമ്പില്‍ പറഞ്ഞിട്ടുണ്ട്, എന്നാണ് ഈ പാരഗ്രാഫില്‍ പറയുന്നത്. വിവരാവകാശ കമ്മീഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം റിപ്പോര്‍ട്ട് മുഴുവനായി വായിച്ച ശേഷമാണ് വ്യക്തികളുടെ സ്വകാര്യത വെളിവാക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചത്. അതിനോട് ബന്ധപ്പെട്ടുള്ള അനുബന്ധവും നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തെ മറികടന്നാണ് 129 പാരഗ്രാഫുകള്‍ സാംസ്‌കാരിക വകുപ്പിലെ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്.

Also Read: Manju Warrier: ‘വ്യക്തത ആവശ്യമായിരുന്നു’; ഡബ്ല്യുസിസിയുടെ പോസ്റ്റ് പങ്കുവച്ച് മഞ്ജു വാര്യർ

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിനു പിന്നാലെ നിരവധി താരങ്ങളാണ് പ്രതികരണവുമായി മുന്നോട്ട് വന്നത്. ഇപ്പോഴിതാ, നടി മഞ്ജു വാരിയരും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് പങ്കുവെച്ച പോസ്റ്റ് ആണ് മഞ്ജു വാര്യര്‍ ‘അനിവാര്യമായ വിശദീകരണം’, എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മഞ്ജു വാര്യരെ ലക്ഷ്യമിട്ട് നിരവധി വാര്‍ത്തകളും ട്രോളുകളുമാണ് വന്നത്.

ഈ വിമര്‍ശനങ്ങളെ എല്ലാം തള്ളി മഞ്ജുവിന് പിന്തുണ നല്‍കുന്നതാണ് പോസ്റ്റ്. മഞ്ജു വാര്യരുടെ പേര് പറയാതെയുള്ള പോസ്റ്റില്‍ താരത്തിനെതിരെ നടക്കുന്ന സൈബര്‍ അറ്റാക്കുകളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് പോസ്റ്റ് പങ്കുവെച്ചത്. ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗം എന്ന് പോസ്റ്റില്‍ എഴുതികൊണ്ട്, മഞ്ജു ഇപ്പോഴും ഡബ്ല്യുസിസിയില്‍ അംഗമാണെന്ന് ഡബ്ല്യുസിസി തന്നെ വ്യക്തമാക്കി.

Latest News