Hema Committee Report: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വിവരാവകാശ കമ്മീഷന്‍ പറഞ്ഞതിലും കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ വെട്ടിമാറ്റി
Hema Committee Report Updates: അപേക്ഷകരെ അറിയിക്കാതിരുന്ന ചില ഭാഗങ്ങള്‍ കൂടി സര്‍ക്കാര്‍ നീക്കം ചെയ്യുകയായിരുന്നു. അതിപ്രശസ്തരായിട്ടുള്ളവര്‍ ലൈംഗിക പീഡനം നടത്തിയെന്ന ഭാഗത്തിന് പിന്നാലെയുള്ള ഭാഗങ്ങളാണ് നീക്കം ചെയ്തത്.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 129 പാരഗ്രാഫുകള്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പേജുകള്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ നീക്കം ചെയ്യാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ 129 പാരഗ്രാഫുകള്‍ സര്‍ക്കാര്‍ വെട്ടിമാറ്റി. സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് നീക്കം ചെയ്തതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
സ്വകാര്യത വെളിവാക്കുന്ന ഭാഗങ്ങള്‍ നീക്കിയതിന് ശേഷമുള്ള റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിന് പിന്നാലെ ഹൈക്കോടതി വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്. ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയതായി വിവരാകാശ നിയമപ്രകാരം അപേക്ഷിച്ചവരെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അപേക്ഷകരെ അറിയിക്കാതിരുന്ന ചില ഭാഗങ്ങള്‍ കൂടി സര്‍ക്കാര്‍ നീക്കം ചെയ്യുകയായിരുന്നു. അതിപ്രശസ്തരായിട്ടുള്ളവര്‍ ലൈംഗിക പീഡനം നടത്തിയെന്ന ഭാഗത്തിന് പിന്നാലെയുള്ള ഭാഗങ്ങളാണ് നീക്കം ചെയ്തത്. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. എന്നാല്‍ വിവരാവകാശ കമ്മീഷന്‍ വെട്ടിമാറ്റണമെന്ന് നിര്‍ദേശിച്ച 96ാം പാരഗ്രാഫ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: Manju Warrier: ‘വ്യക്തത ആവശ്യമായിരുന്നു’; ഡബ്ല്യുസിസിയുടെ പോസ്റ്റ് പങ്കുവച്ച് മഞ്ജു വാര്യർ
മുന്നില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ലൈംഗിക പീഡനം നടത്തിയത് സിനിമാ മേഖലയിലെ പ്രശസ്തരായിട്ടുള്ള ആളുകളാണ്. അത് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. അവരുടെ പേരുകളും കമ്മീഷന് മുമ്പില്‍ പറഞ്ഞിട്ടുണ്ട്, എന്നാണ് ഈ പാരഗ്രാഫില്‍ പറയുന്നത്. വിവരാവകാശ കമ്മീഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം റിപ്പോര്‍ട്ട് മുഴുവനായി വായിച്ച ശേഷമാണ് വ്യക്തികളുടെ സ്വകാര്യത വെളിവാക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചത്. അതിനോട് ബന്ധപ്പെട്ടുള്ള അനുബന്ധവും നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തെ മറികടന്നാണ് 129 പാരഗ്രാഫുകള്‍ സാംസ്‌കാരിക വകുപ്പിലെ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം വാസ്തവമാണെന്ന് സിനിമ സീരിയല്‍ താരം ഉഷ ഹസീന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തനിക്കും മോശം അനുഭവങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നുവെന്ന് താരം പറഞ്ഞു. ഒരു സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. അയാളുടെ താത്പര്യത്തിന് വഴങ്ങാതായപ്പോള്‍ സെറ്റില്‍ വെച്ച് പരസ്യമായി അപമാനിച്ചു. സംവിധായകന്റെ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതോടെ അവസരങ്ങള്‍ നിഷേധിച്ചുവെന്നും ഉഷ ഹസീന പറഞ്ഞു.
സംവിധായകനെതിരെ ചെരുപ്പൂരേണ്ടതായി വന്നു. സിനിമയില്‍ വന്ന കാലത്താണ് ഈ അനുഭവം ഉണ്ടായത്. ഈ പറയുന്ന സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഇയാള്‍ വലിയ കുഴപ്പക്കാരനാണെന്ന് പലരും തന്നോട് പറഞ്ഞിരുന്നു. പിന്നെ തന്റെ കൂടെ ബാപ്പയുണ്ടെന്നുള്ള ധൈര്യമായിരുന്നു. ഈ സംവിധായകന് ഓരോ രീതികളുണ്ട്, ആദ്യ ദിവസങ്ങളില്‍ നമുക്ക് വലിയ സ്വാതന്ത്ര്യം ആയിരിക്കും നല്‍കുക.
പക്ഷേ ദിവസങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് അയാള്‍ നമ്മളോട് മുറിയിലേക്ക് ചെല്ലാന്‍ ഫോണിലൂടെ ആവശ്യപ്പെടും. തന്നോടും ഇത് പറഞ്ഞപ്പോള്‍ താന്‍ ബാപ്പയേയും കൂട്ടി ചെന്നു. ഈ സംഭവത്തിന് ശേഷം സെറ്റിലേക്ക് ചെല്ലുമ്പോള്‍ തന്നോട് മോശമായി പെരുമാറാന്‍ തുടങ്ങി. നന്നായി അഭിനയിച്ചാലും മോശമാണെന്ന് പറഞ്ഞ് അവഹേളിക്കുന്നത് പതിവായി. ഒരിക്കല്‍ സഹികെട്ട് ചെരിപ്പൂരി അടിക്കാന്‍ വരെ പോയി. അന്നത് ചില മാസികകളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇയാള്‍ മോശമായി പെരുമാറിയത് പരാതിപ്പെട്ടപ്പോള്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ നോക്കി. പിന്നാലെ അവസരങ്ങള്‍ കുറഞ്ഞു തുടങ്ങി. സംഭവത്തില്‍ പരാതി ഉന്നയിച്ചപ്പോള്‍ ആരും പിന്തുണ നല്‍കിയില്ല. വിഷയത്തില്‍ ഒരു നടപടിയും ഉണ്ടായതുമില്ല. സിനിമയിലെ പവര്‍ ഗ്രൂപ്പ് ആരാണെന്ന കാര്യത്തില്‍ ഇന്നും വ്യക്തതയില്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എങ്കില്‍ മാത്രമേ സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് പേടിയില്ലാതെ ജോലി ചെയ്യാന്‍ സാധിക്കൂവെന്നും ഉഷ ഹസീന പറഞ്ഞു. ഇങ്ങനെ മോശമായ പ്രവര്‍ത്തിക്കുന്ന ചില ആളുകള്‍ സിനിമാ മേഖലയിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ആളുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, ഹൈക്കോടതി ആവശ്യപ്പെടുന്ന മുറയ്ക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളെല്ലാം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോടതി പറയുന്നതെന്തും നടപ്പാക്കും. റിപ്പോര്‍ട്ടിന്മേല്‍ കോടതി ഇടപെടുന്നതിന് മുമ്പേ തന്നെ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 10ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.