Joy Mathew: ‘സ്ത്രീപീഡകന് നികുതിപ്പണമെടുത്ത് പുരസ്‌കാരം’; വേടന്റെ അവാർഡിൽ ജോയ് മാത്യു
Joy Mathew Criticizes Vedan’s State Award: വേടന്റെ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടന് നൽകിയ തീരുമാനത്തിനെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നിയമത്തിന്റെ കണ്ണിൽ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ അവാർഡ് നൽകി ആദരിക്കുമ്പോൾ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത് എന്നാണ് ജോയ് മാത്യൂ ചോദിക്കുന്നത്. വേടന്റെ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ജോയ് മാത്യുവിന്റെ കുറിപ്പ്
അവാർഡ് കൊടുക്കുക തന്നെ വേണം… ഒരാൾ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ,
നിയമത്തിന്റെ കണ്ണിൽ അയാൾ ഒരു സ്ത്രീ
പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ അതുവഴി
നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത് ?
അവാർഡ് നൽകേണ്ടയാൾ സ്ത്രീ ശാക്തീകരണം എന്നും അബലകൾക്ക് ആശ്രയമാണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന മുഖ്യമന്ത്രിയും !
അപ്പോൾ ചെയ്യേണ്ടത് എന്തെന്നാൽ അർഹതയ്ക്കുള്ള അവാർഡ് പ്രഖ്യാപിക്കുകയും
വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്‌പെഷ്യൽ അവാർഡ് കൂടി പ്രഖ്യാപിക്കുകയുമാണ് .അതോടെ
അവാർഡ് ജേതാവ് ആ വഴിക്ക് വരില്ല.
ജൂറിക്കും സർക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം.
ഗുണപാഠം :ഇങ്ങനെയുള്ളവർ ഭാവിയിൽ സ്ത്രീ പീഡന പ്രക്രിയ ഉപേക്ഷിച്ച്
നല്ല കുട്ടികളായി മാറും.
അതേസമയം കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടന്നത്. തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിലെ വിയര്‍പ്പുതുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന് പുരസ്‌കാരം ലഭിച്ചത്.
യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്‌നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നത്. സ്ഥിരം കാല്പനികഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ല. ഉത്തരവാദിത്വം നിറഞ്ഞ എഴുത്ത്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം. വേടന്റേത് റാപ് സംഗീതമാണ്’, എന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിന്റെ വാക്കുകള്‍.