GV Prakash Divorce : ‘ഇതാണ് മികച്ച തീരുമാനം’; 11 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ജിവി പ്രകാശും ഭാര്യ സൈന്ധവിയും
GV Prakash-Saindhavi Divorce : സ്കൂൾ കാലം മുതലുള്ള 12 വർഷത്തെ പ്രണയത്തിനൊടുവിലാണ് ജി.വി പ്രകാശും സൈന്ധവിയും തമ്മിൽ വിവാഹിതരായത്

GV Prakash, Saindhavi
കോളിവുഡിൽ നിന്നും മറ്റൊരു വേർപിരിയലിൻ്റെ കഥ പുറത്തേക്ക് വരുന്നു. തമിഴ് നടനും സംഗീത സംവിധായകനുമായ ജിവി പ്രകാശ് കുമാറും ഭാര്യ ഗായിക സൈന്ധവിയും തമ്മിൽ വേർപിരിയുന്നു. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇരുവരും അവസാനം കുറിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും ഈ വിവരം പങ്കുവെച്ചത്. ഇരുവരും ചേർന്നെടുത്ത തീരുമാനമാണിതെന്ന് ജിവി പ്രകാശും ഭാര്യ സൈന്ധവിയും തങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ കുറിപ്പിൽ അറിയിച്ചു.
“ഒരൂപാട് കൂടിയാലോചനയ്ക്ക് ശേഷം, 11 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ഞാനും സൈന്ധവിയും തീരുമാനിച്ചു. ഈ തീരുമാനം പരസ്പര ബഹുമാനം പാലിക്കുന്നതിനും ഞങ്ങൾക്ക് മാനസികമായ സമാധാനവും പുരോഗതിയും ലഭിക്കുന്നതിനും വേണ്ടിയാണ്.
സ്വകാര്യമായ ഈ മാറ്റത്തെ മനസ്സിലാക്കാനും അതിനെ ബഹുമാനിക്കാനും മീഡിയ, സുഹൃത്തുക്കൾ, ഫാൻസ് എന്നിവരോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്. ഈ വേർപിരിയൽ രണ്ട് പേരുടെ വ്യക്തി ജീവിതത്തിൽ വളർച്ചയുണ്ടാക്കുമെന്ന് കരുതുന്നു, ഒപ്പം ഇത് രണ്ട് പേർക്കും ഒരു മികച്ച തീരുമാനമാകുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് നിങ്ങളുടെ പിന്തുണ വളരെ മൂല്യമേറിയതാണ്” ജിവി പ്രകാശ് കുമാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
2013ലെ ജിവി പ്രകാശും സൈന്ധവിയും തമ്മിൽ വിവാഹിതരായത്. സ്കൂൾ കാലം മുതൽ ആരംഭിച്ച 12 വർഷത്തെ പ്രണയത്തിനൊടുവിലാണ് ജിവിപിയും സൈന്ധവിയും തമ്മിലുള്ള വിവാഹം. ഏഴ് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2020ലാണ് ഇരുവർക്കും മകൾ (അൻവി) പിറക്കുന്നത്.
ഓസ്കാർ ജേതാവായ സംഗീത സംവിധായകൻ എആർ റഹ്മാൻ്റെ സഹോദരി പുത്രനാണ് ജിവി പ്രകാശ്. എആറിൻ്റെ സഹായിയായി പ്രവർത്തിച്ചതിന് ശേഷം ജിവിപി പിന്നീട് ഹാരിസ് ജയരാജിനൊപ്പം പ്രവർത്തിച്ചു. തെലുങ്ക് ചിത്രം വെയിൽ എന്ന സിനിമയ്ക്ക് സംഗീതം നൽകികൊണ്ടാണ് ജിവി പ്രകാശ് സംഗീത സംവിധായകനാകുന്നത്. പിന്നീട് തമിഴ്, ഹിന്ദി, മറാഠി ചിത്രങ്ങൾക്കും ജിവിപി സംഗീതം നൽകിട്ടുണ്ട്. സൂര്യയുടെ സൂറാറൈപൊട്ര് എന്ന സിനിമയിലെ സംഗീതത്തിന് ജിവി പ്രകാശ് ദേശീയ ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കി.
2016ൽ റിലീസായ പെൻസിൽ എന്ന ചിത്രത്തിലൂടെയാണ് ജിവി പ്രകാശ് അഭിനയത്തിലേക്കെത്തുന്നത്. എന്നാൽ റിലീസ് വൈകിയതിനെ തുടർന്ന് 2013ൽ ഇറങ്ങിയ ഡാർലിങ് ആണ് ജിവി പ്രകാശിൻ്റെ ആദ്യ ചിത്രമായി കണക്കാക്കുന്നത്. പെൻസിലിന് മുമ്പ് നിരവധി ചിത്രങ്ങളിലെ ഗാനങ്ങളിലെ കാമിയോ വേഷങ്ങളിൽ ജിവിപി അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. ഡിയർ എന്ന ചിത്രമാണ് ജിപി പ്രകാശിൻ്റേതായി തിയറ്ററിൽ എത്തിയത്.
കർണാട്ടിക് സംഗീതജ്ഞയായ സൈന്ധവി അന്യൻ ചിത്രത്തിലെ ‘അണ്ടങ്കാക്ക കൊണ്ടൈക്കാരി’ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. പിന്നീട് നിരവധി ജിവി പ്രകാശ് ഉൾപ്പെടെയുള്ള നിരവധി സംഗീത സംവിധായകരുടെ ട്യൂണുകൾക്ക് സൈന്ധവി തൻ്റെ ശബ്ദം നൽകിട്ടുണ്ട്. പയ്യാ സിനിമയിലെ അടാടാ മഴൈയ്ഡാ സൈന്ധവിയുടെ ശബ്ദത്തിലൂടെ ശ്രദ്ധേയമായത്.