Siddique Case: സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ച് മകന്റെ സുഹൃത്തുക്കള്‍; വിശദീകരിച്ച് അന്വേഷണ സംഘം
Actor Siddique Case Updates: സിദ്ദിഖിന്റെ മകനും നടനുമായി ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോള്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ 4.15നും 5.15നും ഇടയില്‍ ഇരുവരുടെയും വീടുകളിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി: ബലാത്സംഗ കേസിലെ പ്രതിയായ സിദ്ദിഖിന്റെ (Siddique Case) മകന്‍ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി അന്വേഷണ സംഘം. മകന്റെ സുഹൃത്തുക്കള്‍ സിദ്ദിഖിനെ ഒളിവില്‍ സഹായിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചത് സുഹൃത്തുക്കളാണെന്നും അവര്‍ പ്രതികരിച്ചു. സിദ്ദിഖ് പല സിം കാര്‍ഡുകളും മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതേ കുറിച്ച് ചോദിച്ചറിയാനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷഹീന്റെ രണ്ട് സുഹൃത്തുക്കളെയും വിട്ടയച്ചുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇവരെ ഇനിയും വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
സിദ്ദിഖിന്റെ മകനും നടനുമായി ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോള്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ 4.15നും 5.15നും ഇടയില്‍ ഇരുവരുടെയും വീടുകളിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചുകൊണ്ടാണ് പോലീസ് വീട്ടിലേക്ക് എത്തിയതെന്ന് ഇരുവരുടെയും ബന്ധുക്കള്‍ ആരോപിച്ചു. നടപടി ക്രമം പാലിക്കാതെയാണ് പുലര്‍ച്ചെ പോലീസ് ഉദ്യോഗസ്ഥര്‍ എത്തി മക്കളെ കസ്റ്റഡിയിലെടുത്തതെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സിദ്ദിഖിനെ കാണാതായത്. നടന്റെ ഫോണ്‍ ഇപ്പോഴും സ്വിച്ച്ഡ് ഓഫാണ്.
അതേസമയം, അന്വേഷണ സംഘത്തിനെതിരെ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ രംഗത്തെത്തി. സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ഷഹീന്‍ ആരോപിക്കുന്നത്. സിദ്ദിഖിന്റെ വിവരം നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാണ് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയത്. തനിക്കൊപ്പം സുഹൃത്തുകള്‍ യാത്ര ചെയ്തിരുന്നു, എന്നാല്‍ പിതാവ് എവിടെയാണ് ഉള്ളതെന്ന് അറിയില്ലെന്നും ഷഹീന്‍ പറഞ്ഞു.
അതേസമയം, സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെതിരെയുള്ള നീക്കം സര്‍ക്കാര്‍ ശക്തമാക്കിയിരിക്കുകയാണ്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് സംസ്ഥാനത്തിനായി ഹാജരാകുന്നത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥയായ മെറിന്‍ ഐപിഎസും ഐശ്വര്യ ഭാട്ടിയും ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷേ രാജന്‍ ഷൊങ്കറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഇതിനിടെ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതിയില്‍ മറ്റൊരു തടസ ഹരജി കൂടി. പൊതു പ്രവര്‍ത്തകനായ നവാസാണ് ഹരജി ഫയല്‍ ചെയ്തത്. സിദ്ദിഖിന്റെ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുന്നത്. ബേല എം ത്രിവേദി, സതീശ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
അതേസമയം, നാല് ദിവസം മുമ്പ് വരെ സിദ്ദിഖ് കൊച്ചിയില്‍ ഉണ്ടായിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ വേളയിലും സിദ്ദിഖ് കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സുപ്രീംകോടതിയില്‍ നല്‍കാനുള്ള രേഖകള്‍ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിയില്‍ നല്‍കുന്നതിനായി തൊട്ടടുത്ത നോട്ടറിയിലാണ് സിദ്ദിഖ് എത്തിയത്.
നോട്ടറിയില്‍ നേരിട്ടെത്തിയാണ് സിദ്ദിഖ് അറ്റെസ്റ്റ് ചെയ്തതെന്നാണ് വിവരം. സിദ്ദിഖിനെ പിടികൂടാനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ട സാഹചര്യത്തിലും സിദ്ദിഖ് കൊച്ചിയില്‍ തന്നെയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.