AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal ivory case: മോഹൻലാലിൻ്റെ ആനക്കൊമ്പ് ലൈസൻസ് റദ്ദാക്കി ഹൈക്കോടതി; സർക്കാർ നടപടിയിൽ വീഴ്ചയെന്ന് കണ്ടെത്തൽ

Mohanlal's Ivory Possession License Revoked by Kerala High Court: വനംവകുപ്പ് നേരത്തെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ, ആനക്കൊമ്പുകൾ നിയമവിരുദ്ധ മാർഗങ്ങളിലൂടെയല്ല മോഹൻലാലിൻ്റെ കൈവശം എത്തിയതെന്നും, ഉറവിടം ശരിയെന്ന് കണ്ടെത്തിയതിനാലാണ് നാല് ആനക്കൊമ്പുകൾ കൈവശം വെക്കാൻ അനുമതി നൽകിയതെന്നും അറിയിച്ചിരുന്നു.

Mohanlal ivory case: മോഹൻലാലിൻ്റെ ആനക്കൊമ്പ് ലൈസൻസ് റദ്ദാക്കി ഹൈക്കോടതി; സർക്കാർ നടപടിയിൽ വീഴ്ചയെന്ന് കണ്ടെത്തൽ
MohanlalImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 24 Oct 2025 18:11 PM

കൊച്ചി: നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമപരമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ഇതോടെ താരത്തിനും സർക്കാരിനും കേസിൽ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വിഷയത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.

മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ചതിനെ സാധൂകരിച്ച സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. 2015-ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് കോടതി ചൂണ്ടിക്കാട്ടിയ പ്രധാന പിഴവ്. സാങ്കേതികമായ നടപടിക്രമങ്ങളിലുണ്ടായ ഈ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയത്.

 

കേസിൻ്റെ പശ്ചാത്തലം

 

2011 ഓഗസ്റ്റിൽ എറണാകുളം തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ആനക്കൊമ്പുകൾ പിടിച്ചെടുക്കുന്ന സമയത്ത് അത് കൈവശം വെക്കാൻ മോഹൻലാലിന് ലൈസൻസ് ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് മോഹൻലാലിൻ്റെ അപേക്ഷ പരിഗണിച്ച് സർക്കാർ കൈവശ സർട്ടിഫിക്കറ്റ് നൽകി ഈ നടപടി നിയമവിധേയമാക്കി. ഈ സർക്കാർ ഉത്തരവാണ് ഇപ്പോൾ കോടതി തള്ളിയത്.

2015-ൽ കൈവശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ ബന്ധപ്പെട്ട വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല. സർക്കാർ നടപടിയിലെ ഈ പിഴവ് മൂലം ആനക്കൊമ്പുകൾ കൈവശം വെക്കാനുള്ള ലൈസൻസിന് നിയമപരമായ സാധുതയില്ലെന്ന് കോടതി കണ്ടെത്തി.

എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യയൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

വനംവകുപ്പ് നേരത്തെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ, ആനക്കൊമ്പുകൾ നിയമവിരുദ്ധ മാർഗങ്ങളിലൂടെയല്ല മോഹൻലാലിൻ്റെ കൈവശം എത്തിയതെന്നും, ഉറവിടം ശരിയെന്ന് കണ്ടെത്തിയതിനാലാണ് നാല് ആനക്കൊമ്പുകൾ കൈവശം വെക്കാൻ അനുമതി നൽകിയതെന്നും അറിയിച്ചിരുന്നു.

വർഷങ്ങളായി പൊതുസമൂഹത്തിൽ നിന്ന് അകന്നുനിന്ന ഈ വിഷയം, കോടതിയുടെ പുതിയ ഉത്തരവോടെ വീണ്ടും മാധ്യമ ശ്രദ്ധ നേടുകയാണ്. കേസ് ഒതുക്കിത്തീർക്കാൻ സിനിമയിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖർ ഇടപെട്ടു എന്ന ആരോപണം ഒരുകാലത്ത് ശക്തമായിരുന്നു.