Vishnu Prasad: കരള്‍ നല്‍കാന്‍ മകള്‍ തയ്യാര്‍; ചികിത്സയ്ക്ക് വേണ്ടത് 30 ലക്ഷം; നടന്‍ വിഷ്ണുപ്രസാദ് ഗുരുതരാവസ്ഥയില്‍
Acot Vishnu Prasad Treatment: കാശിയിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത് എന്ന സിനിമയില്‍ അഭിനയിച്ചു. റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് എന്നീ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളില്‍ സജീവമായി

നടന് വിഷ്ണു പ്രസാദ് കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കരള്‍ മാറ്റിവയ്ക്കുന്നതിന് ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും, ഇതിന് 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടന് കരള്‍ നല്‍കാന്‍ മകള്‍ തയ്യാറാണ്. ശസ്ത്രക്രിയക്ക് ആവശ്യമായ പണം സംഘടിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് വിഷ്ണു പ്രസാദിന്റെ കുടുംബം. സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’ വിഷ്ണുപ്രസാദിന്റെ ചികിത്സയ്ക്ക് അടിയന്തര സഹായമായി ഒരു തുക നല്‍കി. ആത്മയിലെ അംഗങ്ങളില്‍ നിന്ന് കുറച്ചു പണം കൂടി സമാഹരിക്കാന്‍ ഒരുങ്ങുകയാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് മോഹന്‍ അയിരൂരും, നടന്‍ കിഷോര്‍ സത്യയും പറഞ്ഞതായും മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. സഹോദരിയാണ് താരത്തിന്റെ രോഗവിവരം അറിയിച്ചതെന്നും അവര്‍ വ്യക്തമാക്കി.
സിനിമയിലും, സീരിയലുകളിലും സജീവമാണ് വിഷ്ണു പ്രസാദ്. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത് എന്ന സിനിമയില്‍ അഭിനയിച്ചു. റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് എന്നീ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളില്‍ സജീവമായി. വിവിധ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത നിരവധി സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചു. കൂടുതലും വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.




മലയാള സിനിമയില്‍ സ്വജനപക്ഷപാതമുണ്ടെന്ന് ആരോപിച്ച് ഏതാനും വര്‍ഷം മുമ്പ് വിഷ്ണു പ്രസാദ് പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയില്‍ തനിക്ക് മെമ്പര്‍ഷിപ്പ് നിഷേധിച്ചിരുന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അമ്മയില്‍ മെമ്പര്‍ഷിപ്പിന് അപേക്ഷിച്ചപ്പോള്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാനാണ് അവര്‍ പറഞ്ഞതെന്നും താരം ആരോപിച്ചു.
സിനിമയിലേക്ക് വൈകിയെത്തുകയും, കുറച്ച് സിനിമകള്‍ മാത്രം ചെയ്തവര്‍ക്കും മെമ്പര്‍ഷിപ്പ് ലഭിച്ചു. മലയാള സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയും ദൃക്‌സാക്ഷിയുമാണ് താനെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.