AMMA Election: ‘അമ്മയുടെ തലപ്പത്ത് ഒരു വനിത വരണം, ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ വരാൻ വല്ലാതെ ആഗ്രഹിക്കുന്നു’; ഹണി റോസ്
Honey Rose On AMMA Election: താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും വിവാദങ്ങളും ഉയർന്നിരിക്കേയാണ് ഹണി റോസിന്റെ പ്രതികരണം.
കൊച്ചി: നാളെയാണ് മലയാള സിനിമ താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ വാശിയേറിയ പോരട്ടമാണ് സംഘടനയിൽ നടക്കുന്നത്. ആഗസ്റ്റ് 15ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ശ്വേതാ മേനോനും ദേവനുമാണ്. ശ്വേതാ മേനോൻ വിജയിച്ചാൽ ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിതാ അധ്യക്ഷ എത്തുന്നത്.
ശ്വേതയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ തലപ്പത്ത് വനിതാ അധ്യക്ഷ വരാൻ ആഗ്രഹിക്കുന്നുവെന്ന് നടി ഹണി റോസ്. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും താരം പറഞ്ഞു. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും വിവാദങ്ങളും ഉയർന്നിരിക്കേയാണ് ഹണി റോസിന്റെ പ്രതികരണം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടിയുടെ പ്രതികരണം.
അമ്മയുടെ തലപ്പത്ത് ഒരു വനിത വരണമെന്ന് ആഗ്രഹമുണ്ടെന്നും ഒരു മാറ്റം ഉണ്ടാകണമെന്നും ഹണി റോസ് പറഞ്ഞു. ഇതുവരെ പുരുഷന്മാരാണ് അമ്മയുടെ തലപ്പത്ത് ഉണ്ടായിരുന്നതെന്നും ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ വരാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്നും ഹണി റോസ് പറയുന്നു. ശ്വേതാ മേനോനെതിരായ കേസിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയില്ല. കേസിനെക്കുറിച്ച് വാർത്തകളിലൂടെയാണ് അറിയുന്നതെന്നും അവർ പറഞ്ഞു.