Nikhila Vimal: ‘സംഘടനയ്ക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് നമുക്കറിയില്ല;കൂട്ടരാജി ശരിയായില്ല’ ;നിഖില വിമൽ
അമ്മയിലെ അംഗങ്ങളെ അറിയിച്ചുകൊണ്ടുള്ള രാജിയല്ല ഇതെന്നും തങ്ങളും മാധ്യമങ്ങൾ വഴിയാണ് ഇക്കാര്യം അറിഞ്ഞതെന്നും താരം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ താരസംഘടനയായ അമ്മയിൽ ഭിന്നത രൂക്ഷമായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ കൂട്ടരാജി വച്ചത് വലിയ വിവാദത്തിലേക്കാണ് കടന്നത്. തുടർന്ന് നിരവധി താരങ്ങൾ തന്നെ സംഭവത്തിൽ പ്രതികൂലിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ എക്സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടരാജി ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ച് നടി നിഖില വിമൽ. അമ്മയിലെ അംഗങ്ങളെ അറിയിച്ചുകൊണ്ടുള്ള രാജിയല്ല ഇതെന്നും തങ്ങളും മാധ്യമങ്ങൾ വഴിയാണ് ഇക്കാര്യം അറിഞ്ഞതെന്നും താരം പറഞ്ഞു. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
താരസംഘടന എവിടെയും പോയിട്ടില്ലെന്നും അത് അവിടെ തന്നെയുണ്ടെന്ന് നടി പറഞ്ഞു. എന്നാൽ അതിന്റെ തലപ്പത്തിരിക്കുന്നവർ നേരിട്ടിട്ടുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും താനും മാധ്യമങ്ങൾ വഴിയാണ് ഇക്കാര്യം അറിഞ്ഞതെന്നും താരം പറയുന്നു. അവർ കുറച്ചുകൂടി സമയമെടുത്ത് ഈ ആരോപണങ്ങൾക്ക് ഉത്തരം നൽകി വേണമായിരുന്നു ഈ തീരുമാനമെന്നും നിഖില പറയുന്നു. മാധ്യമങ്ങളുടെ അടുത്തും നമ്മുടെ സിനിമ കാണാൻ എത്തുന്നവരുടെ അടുത്തും മറുപടി നൽകേണ്ട ഉത്തരവാദിത്വം ഉണ്ട് ആ ഉത്തരം നൽകിയാണ് ഈ തീരുമാനമെങ്കിൽ നന്നാകുമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
സംഘടനയ്ക്ക് അകത്ത് നടക്കുന്നത് എന്താണെന്നറിയില്ലെന്നും നമ്മളോട് ചർച്ച ചെയ്തിട്ടല്ല തീരുമാനമെടുത്തതെന്നും നടി പറഞ്ഞു. സംഘടനയ്ക്ക് അകത്തുവച്ച് തന്നെ ചർച്ച ചെയ്ത് തീരുമാനമെടുത്ത് പുതിയ നടപടികളെന്തെങ്കിലും എടുത്ത് ഞങ്ങളിന്നതൊക്കെ ചെയ്തിട്ടാണ് പോകുന്നത് എന്ന് പറഞ്ഞിരുന്നുവെങ്കിൽ അതിന് ഒരു അർഥമുണ്ടായേനെ എന്നും എന്നാൽ ഇതിപ്പോൾ നിങ്ങളെങ്ങോട്ട് പോയി എന്തിന് പോയി എന്ന ചോദ്യമാണ് എല്ലാവർക്കുമെന്നും ഇത് വലിയ പ്രശ്നമാണെന്നും നിഖില പറയുന്നു.