Parvathy Thiruvoth: ഹോട്ടലിൽ പോയി വസ്ത്രം മാറണമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചില്ല, ഒടുവിൽ ആർത്തവമാണ് എന്ന് ഉറക്കെ വിളിച്ചുപറയേണ്ടിവന്നു – പാർവ്വതി
Parvathy Thiruvothu shared a difficult experience : സ്ത്രീകൾക്ക് ജോലിസ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും പരിഗണനയും ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്ക് പാർവതിയുടെ ഈ വെളിപ്പെടുത്തൽ വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്. ഭരത് ബാല സംവിധാനം ചെയ്ത 'മരിയൻ' പാർവതിയുടെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു.

parvathy-thiruvothu
കൊച്ചി: ഷൂട്ടിങ് സെറ്റുകളിൽ നടിമാർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു സംസാരിച്ച് നടി പാർവതി തിരുവോത്ത്. 2013-ൽ ധനുഷ് നായകനായി പുറത്തിറങ്ങിയ ‘മരിയൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലുണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്. ‘ദി മെയിൽ ഫെമിനിസ്റ്റ്’ എന്ന പോഡ്‌കാസ്റ്റിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.
വെള്ളത്തിൽ നനഞ്ഞുള്ള ചിത്രീകരണം സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ നായകനൊപ്പം പൂർണ്ണമായും നനഞ്ഞുകൊണ്ടുള്ള രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. തനിക്ക് കൂട്ടിനായി സഹായികളാരും അന്ന് സെറ്റിലുണ്ടായിരുന്നില്ലെന്ന് പാർവതി പറയുന്നു. ദേഹത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ചുകൊണ്ടിരുന്നതിനാൽ വസ്ത്രം മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമയം കുറവാണെന്ന കാരണത്താൽ അധികൃതർ അത് അനുവദിച്ചില്ല.
മാറാൻ വസ്ത്രങ്ങളില്ലാത്ത അവസ്ഥയും സെറ്റിലെ നിസ്സംഗതയും കാരണം ഒടുവിൽ തനിക്ക് ആർത്തവമാണെന്ന് എല്ലാവരോടും ഉറക്കെ പറയേണ്ടി വന്നുവെന്ന് പാർവതി വെളിപ്പെടുത്തി. “എനിക്ക് ഹോട്ടലിൽ പോയി വസ്ത്രം മാറി വരണമെന്ന് പറഞ്ഞപ്പോൾ സമയം കുറവാണെന്നായിരുന്നു മറുപടി. ഒടുവിൽ എനിക്ക് ആർത്തവമാണെന്ന് ഉറക്കെ വിളിച്ചു പറയേണ്ടി വന്നു. എന്നാൽ അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അവർക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല,” പാർവതി പറഞ്ഞു.
സ്ത്രീകൾക്ക് ജോലിസ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും പരിഗണനയും ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്ക് പാർവതിയുടെ ഈ വെളിപ്പെടുത്തൽ വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്. ഭരത് ബാല സംവിധാനം ചെയ്ത ‘മരിയൻ’ പാർവതിയുടെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു.