Samyuktha Varma : ‘കഥ പറയാൻ വന്നോട്ടെ എന്ന് പലരും ചോദിക്കാറുണ്ട്; ബിജുവേട്ടനും പറയും; എല്ലാറ്റിനും ഒരു സമയമുണ്ട്’; സംയുക്ത വർമ
Samyuktha Varma Opens Up About Her Comeback in Films: കഥ പറയാൻ വന്നോട്ടെ എന്ന് പലരും ചോദിക്കാറുണ്ടെന്നും എന്നാൽ തനിക്ക് യോഗയാണ് പഠിക്കാൻ താത്പര്യമെന്നും നടി പറയുന്നു.

മലയാളി പ്രേക്ഷകരുടെ ഒരു കാലത്തെ പ്രിയ നായികമാരിൽ ഒരാളായിരുന്നു സംയുക്ത വർമ. 1999ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ നായികയായാണ് സംയുക്ത അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും താരം സ്വന്തമാക്കി.
പിന്നീട് ഇവിടെ നിന്ന് നിരവധി നല്ല കഥാപാത്രങ്ങളാണ് താരത്തിനു ലഭിച്ചത്. സംയുക്തയെ തേടി നല്ല അവസരങ്ങൾക്കൊപ്പം അവാർഡുകളും എത്തി. ഇതിനിടെയിൽ 2002-ൽ നടൻ ബിജു മേനോനുമായുള്ള നടിയുടെ വിവാഹം കഴിഞ്ഞു. ഇതിനു ശേഷം അഭിനയ ജീവിതത്തിൽ നിന്ന് താരം ഇടവേളയെടുക്കുകയായിരുന്നു. 2002-ൽ പുറത്തിറങ്ങിയ ഒരു കുബേരനാണ് അവസാനം അഭിനയിച്ച ചിത്രം.
എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. സ്വകാര്യ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഇടയ്ക്ക് ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. യോഗയിൽ പരിശീലനം നേടിയിട്ടുള്ള താരം നല്ലൊരു യോഗാഭ്യാസി കൂടിയാണ്. യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രങ്ങളുമാണ് താരം കൂടുതലായും പങ്കുവയ്ക്കാറുള്ളത്.
Also Read:‘എന്റെ ആ സിനിമ മകൾക്കൊപ്പമാണ് കണ്ടത്, അവൾക്കത് ഇഷ്ടപ്പെട്ടില്ല’; ശോഭന
എന്നാൽ താരത്തിന്റെ മിക്ക പോസ്റ്റിനും, താഴെയായി സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിതാ സിനിമയിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റി നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കഥ പറയാൻ വന്നോട്ടെ എന്ന് പലരും ചോദിക്കാറുണ്ടെന്നും എന്നാൽ തനിക്ക് യോഗയാണ് പഠിക്കാൻ താത്പര്യമെന്നും നടി പറയുന്നു. പഴയത് പോലെയല്ല ഇന്നത്തെ കാലത്തെ കഥയെന്ന് ഭർത്താവ് ബിജു മേനോൻ തന്നോട് പറയാറുണ്ടെന്നും ഒരിക്കൽ കഥ കേൾക്കാൻ തയ്യാറായെന്നും സംയുക്ത പറയുന്നു.
എന്നാൽ ഒരിക്കൽ ഒരു കഥ കേൾക്കാൻ എല്ലാം തയ്യാറായെന്നും. പക്ഷേ, കൃത്യം ആ സമയത്ത് അമ്മക്ക് തൻ്റെ അനിയത്തിയുടെ അടുത്തേക്ക് വിദേശത്തേക്ക് പോകേണ്ടി വന്നു. പിന്നെ, മോൻ്റെ കാര്യവും വീട്ടിലെ കാര്യവും എല്ലാം തൻ്റെ തലയിലായി. അങ്ങനെ പിന്നെ കേൾക്കാം എന്നുപറഞ്ഞ് ആ കഥയും മാറ്റി വെച്ചുവെന്നാണ് നടി പറയുന്നത്. സമയത്തിൽ വിശ്വസിക്കുന്നയാളാണ് താനെന്നും സംയുക്ത കൂട്ടിച്ചേർത്തു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.