Urvashi: ‘ആ സിനിമയിലെ റൊമാന്റിക് സീൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു; ഒടുവിൽ എന്റെ ശിൽപം വെച്ചാണത് ചെയ്തത്’; ഉർവശി
Urvashi About Venkalam Movie Romantic Scene: 'വെങ്കലം' എന്ന സിനിമയിൽ താനും മുരളിയും തമ്മിൽ ഒരു റൊമാന്റിക് സീക്വൻസ് ഉണ്ടെന്നും, സിനിമയിൽ അദ്ദേഹത്തിന്റേത് ഒരു മൊരടനായ കഥാപാത്രമാണെന്നും ഉർവശി പറയുന്നു.
1993ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘വെങ്കലം’. ലോഹിതദാസ് രചന നിർവഹിച്ച ചിത്രത്തിൽ മുരളി, ഉർവശി, കെ.പി.എ.സി ലളിത, മനോജ് കെ ജയൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ, ‘വെങ്കലം’ സിനിമയിലെ മുരളിയുമായുള്ള റൊമാന്റിക് സീനിനെ കുറിച്ച് സംസാരിക്കുകയാണ് നടി ഉർവശി.
‘വെങ്കലം’ എന്ന സിനിമയിൽ താനും മുരളിയും തമ്മിൽ ഒരു റൊമാന്റിക് സീക്വൻസ് ഉണ്ടെന്നും, സിനിമയിൽ അദ്ദേഹത്തിന്റേത് ഒരു മൊരടനായ കഥാപാത്രമാണെന്നും ഉർവശി പറയുന്നു. ഒരു ആദ്യരാത്രി സീക്വൻസാണ് എടുക്കേണ്ടിയിരുന്നതെന്നും തനിക്കും അദ്ദേഹത്തിനും അത് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു എന്നും നടി പറഞ്ഞു.
മുരളി തന്റെ ബന്ധുവാണെന്നും അദ്ദേഹത്തെ താൻ കൊച്ചേട്ടൻ എന്നാണ് വിളിക്കുന്നതെന്നും ഉർവശി പറയുന്നു. അതിനാൽ തനിക്ക് ആ റൊമാന്റിക് സീൻ അഭിനയിക്കാൻ ബുദ്ധിമുട്ടാണെന്ന് ചിത്രത്തിന്റെ സംവിധായകനും അറിയാമെന്നും അതുകൊണ്ട് തന്റെ ഒരു ശിൽപം വെച്ചാണ് ആ സീനുകൾ എടുത്തതെന്നും ഉർവശി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഉർവശി.
“ഞാനും മുരളി ചേട്ടനും തമ്മിലുള്ള വെങ്കലത്തിലെ ഒരു സീനുണ്ട്. വെങ്കലത്തിൽ ഭയങ്കര മൊരടനായ ഒരു കഥാപാത്രമാണ് മുരളി ചേട്ടന്റേത്. അപ്പോൾ ഒരു ആദ്യരാത്രി സീക്വൻസ് ആണ് എടുക്കുന്നത്. ഞാൻ മുരളിയെ കൊച്ചേട്ടൻ എന്നാണ് വിളിക്കുന്നത്. അദ്ദേഹം എന്റെ ബന്ധുവും കൂടെയാണ്. അതുകൊണ്ട് തന്നെ കൊച്ചേട്ടന് എന്റെ കൂടെ റൊമാന്റിക് സീൻ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഞാനും ലവ് സീൻ അഭിനയിക്കാൻ നല്ല മോശമാണ്. അത് ഭരതൻ അങ്കിളിനും അറിയാവുന്ന കാര്യമാണ്. ഇത് എടുക്കാതെ ഇരിക്കാൻ നിവർത്തിയില്ലല്ലോ എന്ന് ഭരതേട്ടൻ പറഞ്ഞു.
ഒരുപാട് ആലോചിച്ച ശേഷം പിന്നീട് എന്റെ ഒരു ശിൽപ്പം വെച്ചിട്ടാണ് ആ സീൻ ചെയ്തത്. എന്റെ ദേഹത്ത് തൊടുന്ന പോലുള്ള രംഗങ്ങൾ ഒക്കെ ശിൽപ്പത്തെ തൊടുന്നതായിട്ടാണ് കാണിച്ചത്. പിന്നെ, രണ്ട് പേരും കെട്ടിപിടിക്കുന്ന ഒരു സീനുണ്ട്. അതിൽ മുരളി ചേട്ടൻ അത്രയും ദൂരം അകലെയാണ്. ഞാനിവിടെ രണ്ട് ഷാഡോ പ്ലേ പോലെയാണ് കാണിച്ചത്. നിഴല് കാണുമ്പോൾ രണ്ട് പേരും കെട്ടിപ്പിടിക്കുകയാണെന്ന് തോന്നും” ഉർവശി പറഞ്ഞു.