Adoor Gopalakrishnan: സ്ത്രീകള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും എതിരല്ല, പോസിറ്റീവായി പറഞ്ഞത് നെഗറ്റീവ് ആക്കിയത് അദ്ഭുതം’; അടൂര്‍ ഗോപാലകൃഷ്ണന്‍
താൻ സ്ത്രീകള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും എതിരല്ലെന്നും അവര്‍ക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നുമാണ് അടൂർ പറഞ്ഞത്. അവരിൽ നിന്ന് മികച്ച ഫിലിം മേക്കേഴ്‌സ് ഉണ്ടാകാന്‍ വേണ്ടിയാണ് താൻ ഇതൊക്കെ പറയുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്‍
പട്ടികജാതി വിഭാഗത്തിൽപെട്ടവർക്കും സ്ത്രീകള്‍ക്കുമെതിരായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം വലിയ രീതിയിലുള്ള ചർച്ചയ്ക്കാണ് വഴിവച്ചത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചലച്ചിത്ര കോണ്‍ക്ലേവിലായിരുന്നു സംവിധായകന്റെ വിവാദ പരാമര്‍ശം. ഇതിനു പിന്നാലെ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പോലീസില്‍ പരാതി നൽകിയിരുന്നു. ഇപ്പോഴിതാ ഈ സാഹചര്യത്തിൽ സംഭവത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് അദ്ദേഹം.
സർക്കാർ ആർക്കെങ്കിലും സഹായധനം കൊടുക്കുന്നതിനു താന്‍ എതിരല്ലെന്നാണ് അദ്ദേഹം പറയുന്നത്. മുൻപരിചയമില്ലാത്തവർക്ക് സിനിമ എടുക്കാൻ പണം നൽകുമ്പോൾ അവര്‍ക്കു കൃത്യമായ പരിശീലനം നല്‍കണമെന്നാണ് ഉദ്ദേശിച്ചതെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. സിനിമയെന്ന മാധ്യമത്തെക്കുറിച്ച് അറിയാതെ എത്തുന്നവര്‍ പണം വാങ്ങി ക്യാമറാമാന്മാരുടെ ഔദാര്യത്തില്‍ സിനിമ ചെയ്ത ചരിത്രമുണ്ടെന്നും അടൂര്‍ പറഞ്ഞു. ഇത്തരത്തിൽ ആദ്യമായി സിനിമ എടുക്കാൻ വരുന്നവർ പലരും അതിനുശേഷം അപ്രത്യക്ഷരാകുന്നതാണ് കാണുന്നത്. ഇവർക്ക് വേണ്ടത്ര പരിശീലനം നൽകിയാൽ ഈ രംഗത്ത് തന്നെ തുടർന്നും പ്രവർത്തിക്കാൻ കഴിയും. താൻ സ്ത്രീകള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും എതിരല്ലെന്നും അവര്‍ക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നുമാണ് അടൂർ പറഞ്ഞത്.
അവരിൽ നിന്ന് മികച്ച ഫിലിം മേക്കേഴ്‌സ് ഉണ്ടാകാന്‍ വേണ്ടിയാണ് താൻ ഇതൊക്കെ പറയുന്നത്. ഇപ്പോൾ ആദ്യമായി സിനിമയെടുക്കാൻ വരുന്നവർക്ക് ഒന്നരക്കോടി രൂപയാണ് നൽകുന്നത് എന്നാൽ അത്രയും വേണ്ടെന്നാണ് തന്റെ അഭിപ്രായം. താൻ അത്രയും ബജറ്റിന് സിനിമയെടുത്തിട്ടില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്യാത്തതുകൊണ്ടാണ് ചെലവ് അധികരിക്കുന്നത്. അവസരം കിട്ടുമ്പോള്‍ അതു മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയണം.
ആദ്യം സിനിമ എടുക്കാൻ വരുന്നവർക്ക് പണം കൊടുക്കാനുള്ള സർക്കാർ നടപടി നല്ല തീരുമാനമാണെന്നും പക്ഷേ അത് പാഴാകാതെ ഉപയോഗിക്കാന്‍ അവര്‍ക്ക് പരിശീലനം കൊടുക്കുകയാണ് വേണ്ടതെന്നുമാണ് അടൂർ പറയുന്നത്. 50 ലക്ഷം വച്ച് 3 പേര്‍ക്കു കൊടുത്താല്‍ കൂടുതൽ പേര്‍ക്ക് അവസരം ലഭിക്കും. പണം വാങ്ങുന്നവര്‍ക്കു മാത്രമല്ല കൊടുക്കുന്നവർക്കും ഉത്തരവാദിത്തം വേണം. ഒന്നരക്കോടി രൂപ കൊടുക്കുന്നത് അഴിമതിക്കു വഴിവയ്ക്കുമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. കോണ്‍ക്ലേവില്‍ വളരെ പോസിറ്റീവായി പറഞ്ഞതിനെ നെഗറ്റീവ് ആക്കി മാറ്റിയത് അദ്ഭുതമാണെന്നും അടൂര്‍ പറഞ്ഞു.