Adoor Gopalakrishnan: സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണം; വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍
Adoor Gopalakrishnan Controversy: ടെലിവിഷന്‍ ഏറ്റവും നശിച്ച അവസ്ഥയിലാണെന്നും അടൂര്‍ വിമര്‍ശിച്ചു. ഇത്രയും സാക്ഷരതയുള്ള നമ്മുടെ നാട്ടില്‍ പുതിയ പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്ന പരിപാടികള്‍ പ്രധാനപ്പെട്ട രണ്ട് മൂന്ന് ചാനലുകള്‍ ആരംഭിച്ചെങ്കിലും ഓഡിയന്‍സില്ല എന്ന് പറഞ്ഞ് അത് നിര്‍ത്തിയെന്നും അടൂര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചലച്ചിത്ര കോണ്‍ക്ലേവില്‍ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണമെന്ന പരാമര്‍ശമാണ് വിവാദമായത്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് പടമെടുക്കാന്‍ നല്‍കുന്ന തുക ഒന്നരക്കോടി രൂപയാണ്. അഴിമതിക്കുള്ള വഴിയൊരുക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അടൂര്‍ പറഞ്ഞു.
ഇതിന് പിന്നിലെ ഉദ്ദേശ്യം നല്ലതാണ്. ഷെഡ്യൂള്‍ഡ് കാസ്റ്റിലുള്ളവരെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണം. സിനിമയുണ്ടാക്കുന്നതിനെക്കുറിച്ച് വിദഗ്ധന്‍മാരുടെ കീഴില്‍ പരിശീലനം കൊടുക്കണം. സിനിമയ്ക്ക് എങ്ങനെയാണ് ബജറ്റുണ്ടാക്കുന്നതെന്ന സംഗതികള്‍ അവരെ മനസിലാക്കിക്കണം. ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്ന് പണം വാങ്ങി പടം എടുത്തവര്‍ക്ക് പരാതിയാണ്. ഇത് പബ്ലിക് ഫണ്ടാണെന്ന് അവരെ പറഞ്ഞ് മനസിലാക്കണം. ഈ ഒന്നരക്കോടി കുറച്ച് 50 ലക്ഷമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
”കൊമേഴ്‌സ്യല്‍ പടമെടുക്കാനുള്ള പണമല്ല ഇത്. സൂപ്പര്‍സ്റ്റാറിനെ വച്ച് പടം എടുക്കാനുള്ള പൈസയല്ല സര്‍ക്കാര്‍ കൊടുക്കേണ്ടത്. സര്‍ക്കാരിന്റെ ചുമതലയല്ല അത്. ഒരു സ്ത്രീയായതുകൊണ്ട് മാത്രം സിനിമയെടുക്കാന്‍ പണം കൊടുക്കരുത്. അവര്‍ക്കും പരിശീലനം കൊടുക്കണം. സ്ത്രീ സംവിധായകരും നമുക്ക് വേണം”-അടൂര്‍ പറഞ്ഞു.
ടെലിവിഷന്‍ നശിച്ച അവസ്ഥയില്‍
ടെലിവിഷന്‍ ഏറ്റവും നശിച്ച അവസ്ഥയിലാണെന്നും അടൂര്‍ വിമര്‍ശിച്ചു. കൊള്ളാവുന്ന പരിപാടികള്‍ ടിവിയിലില്ല. ചാനലുകള്‍ മത്സരമാണ്. ഇത്രയും സാക്ഷരതയുള്ള നമ്മുടെ നാട്ടില്‍ പുതിയ പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്ന പരിപാടികള്‍ പ്രധാനപ്പെട്ട രണ്ട് മൂന്ന് ചാനലുകള്‍ ആരംഭിച്ചെങ്കിലും ഓഡിയന്‍സില്ല എന്ന് പറഞ്ഞ് അത് നിര്‍ത്തി. കൊല്ലുന്നതിനും തല്ലുന്നതുമാണ് ആളുകള്‍ക്ക് കാണേണ്ടതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.