AMMA Association Election: ‘അമ്മ’ ഭരണസമിതി തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യ ദിനത്തിൽ; പിരിച്ചുവിട്ടത് കഴിഞ്ഞ ഓഗസ്റ്റിൽ
AMMA Association to Form New Executive Committee: ഇക്കഴിഞ്ഞ ജൂൺ 25ന് ചേർന്ന ജനറൽ ബോഡി യോഗത്തിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചത്.
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15, സ്വാതന്ത്ര്യദിനത്തിൽ നടക്കും. ഹേമ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ മോഹൻലാൽ പ്രസിഡന്റ് ആയിരുന്ന ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റിൽ രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ ഒരു വർഷത്തോളമായി അഡ്‌ഹോക്ക് കമ്മിറ്റിയാണ് അസോസിയേഷൻ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്.
ഇക്കഴിഞ്ഞ ജൂൺ 25ന് ചേർന്ന ജനറൽ ബോഡി യോഗത്തിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചത്. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ അഡ്‌ഹോക്ക് കമ്മിറ്റി തന്നെ തുടരും.
എറണാകുളത്തെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നത്. യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. മോഹൻലാൽ തുടരണം എന്നതായിരുന്നു പൊതു നിലപാട്. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങാതിരുന്നതിനെ തുടർന്ന് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു.
നേരത്തെ, തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ താൻ പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് വേണ്ടെന്ന് ജനറൽബോഡി പറഞ്ഞെങ്കിലും, നടൻ എതിർത്തോടെ തീരുമാനം മാറ്റുകയായിരുന്നു. 2024 ഓഗസ്റ്റ് 27നാണ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മോഹൻലാൽ പ്രസിഡന്റായ ഭരണസമിതി രാജിവച്ചത്. പ്രസിഡൻറായ മോഹൻലാൽ ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളും രാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.