Actress Assault Case Verdict: ‘ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്; ദിലീപിനെ തിരിച്ചെടുക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ല’; ശ്വേത മേനോൻ
AMMA president Swetha Menon: വിധി വരാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് പ്രതികരിക്കാന്‍ വൈകിയതെന്നും ശ്വേത മേനോൻ പറഞ്ഞു.

Swetha Menon
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ശിക്ഷ വിധിച്ചതിനു പിന്നാലെ പ്രതികരിച്ച് താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോൻ. വിധി വരാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് പ്രതികരിക്കാന്‍ വൈകിയതെന്നും ശ്വേത മേനോൻ പറഞ്ഞു. തങ്ങൾ അതിജീവിതയ്‌ക്കൊപ്പമാണെന്നും ദിലീപിനെ തിരിച്ചെടുക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എട്ട് വര്‍ഷത്തെ പോരാട്ടമായിരുന്നു ആ കുട്ടിയുടേത്. നമ്മുടെ മേഖലയിലെ സത്രീകൾക്ക് വലിയൊരു ഉദാഹരണമാണവൾ. അപ്പീൽ പോകണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം എന്നും ശ്വേത പ്രതികരിച്ചു. താനായിരുന്നു ആ കുട്ടിയുടെ സ്ഥാനത്തെങ്കില്‍ അപ്പീല്‍ പോകുമായിരുന്നുവെന്നും ആ കുട്ടിയുടെ അത് തന്നെയാണ് തീരുമെന്നും ശ്വേത പറഞ്ഞു.
ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അമ്മയിൽ ഒരു ചർച്ചയും നടന്നിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച അടിയന്തര മീറ്റിംഗ് ആയിരുന്നില്ലെന്നും മൂന്നാഴ്ച മുൻപ് തീരുമാനിച്ച യോഗമായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അങ്ങനെ ആരും അഭിപ്രായം പോലും പറഞ്ഞിട്ടില്ലെന്നും ശ്വേത പറഞ്ഞു. അമ്മ പ്രതികരിക്കാൻ വൈകിയെന്ന ബാബുരാജിന്‍റെ വിമർശനത്തെ പറ്റിയുള്ള ചോദ്യത്തിന്, അത് ബാബുരാജിന്‍റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങൾ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.
Also Read:വിധിച്ചത് 20 വര്‍ഷത്തെ തടവുശിക്ഷ, പക്ഷേ, ജയിലില്‍ കിടക്കേണ്ടതോ? പ്രോസിക്യൂഷന്‍ നിരാശയില്‍
അതേസമയം നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും വിതിച്ചിട്ടുണ്ട്. ഒന്നാം പ്രതിയായ പൾസർ സുനിക്ക് വിവിധ വകുപ്പുകൾ പ്രകാരം രണ്ട് ലക്ഷത്തിഎഴുപത്തയ്യായിരം രൂപ പിഴയുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് ആണ് ശിക്ഷ വിധിച്ചത്. വിധിയിൽ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നും കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.