Anarkali Marikar: ‘ഞാൻ വാപ്പയുടെ കല്യാണത്തിന് പോയത് പലർക്കും ഇഷ്ടക്കേടുണ്ടാക്കി, അവര്‍ക്കുള്ള മറുപടിയായിരുന്നു ആ പോസ്റ്റ്’; അനാർക്കലി മരക്കാർ
Anarkali Marikar Responds to Her Father Second Marrige Controversy: വാപ്പ വേറെ കല്യാണം കഴിക്കുന്നതിൽ ഉമ്മയ്ക്ക് പരാതിയുടെ ആവശ്യമില്ല. വാപ്പയുടെ കൂടെ നിൽകാതിരിക്കേണ്ട ആവശ്യം എനിക്കുമില്ല.

പിതാവിന്റെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തതിന് നിരവധി വിവാദങ്ങൾ കേൾക്കേണ്ടി വന്നെന്ന് നടി അനാർക്കലി മരക്കാർ. താൻ വാപ്പയുടെ വിവാഹത്തിന് പോയത് കുടുംബത്തിൽ ഉള്ളവർക്കിടയിൽ പോലും അരിശമുണ്ടാക്കിയെന്നും നടി പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. പിതാവ് നിയാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് അനാർക്കലി വർഷങ്ങൾക്ക് മുമ്പ് പങ്കുവെച്ച കുറിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി.
“ഞാൻ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലർക്കും ഇഷ്ടക്കേടുണ്ടാക്കി. അവർക്കെല്ലാം ഒരു മറുപടിയെന്ന നിലയിലാണ് ഞാൻ ആ പോസ്റ്റ് ഇട്ടത്. അവർ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. വാപ്പ വേറെ കല്യാണം കഴിക്കുന്നതിൽ ഉമ്മയ്ക്ക് പരാതിയുടെ ആവശ്യമില്ല. വാപ്പയുടെ കൂടെ നിൽകാതിരിക്കേണ്ട ആവശ്യം എനിക്കുമില്ല. എനിക്ക് അവർ രണ്ടു പേരും ഒരുപോലെയാണ്.
വാപ്പ ജീവിതത്തിന്റെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാവുക എന്നുള്ളതാണ് ഞാൻ ചെയ്യേണ്ട ഏറ്റവും വലിയ ശരി. നിക്കാഹ് സ്റ്റോറി ആയി ഇടുമ്പോൾ എനിക്ക് അറിയാമായിരുന്നു ഇതൊരു പുതിയ സംഭവമാണെന്ന്. ഞാൻ വാപ്പയുടെ കല്യാണത്തിൽ പങ്കെടുത്തത് ആളുകൾക്ക് അംഗീകരിക്കാൻ ആകില്ലെന്നും എനിക്കറിയാമായിരുന്നു. എന്നാൽ, ഇത് വളരെ സാധരണമായ ഒരു കാര്യമാണെന്ന് എനിക്ക് അറിയിക്കണമായിരുന്നു.
ഞാൻ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കിൽ തീർച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണമല്ലോ. പുതിയൊരു സ്ത്രീയുമായി അദ്ദേഹം ജീവിതം തുടങ്ങുമ്പോൾ ആ സന്തോഷത്തിന്റെ ഭാഗമാവുക എന്നതാണ് ഏറ്റവും വലിയ കാര്യം. മറ്റുള്ളവർ ഇത് പോസിറ്റീവ് ആയി കാണണമെന്ന് കരുതിയാണ് ആ സമയത്ത് വീഡിയോയും സ്റ്റോറിയുമൊക്കെ പോസ്റ്റ് ചെയ്തത്.” അനാർക്കലി പറഞ്ഞു.
നിയാസിന്റെ ആദ്യ ഭാര്യ ലാലി പി ആയിരുന്നു. കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിലെ ‘അമ്മ വേഷത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് ലാലി. ആനന്ദം എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമയിലെ അരങ്ങേറ്റം. അനാർക്കലിയുടെ സഹോദരി ലക്ഷ്മി മരക്കാരും അഭിനേത്രിയാണ്. നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.