Anirudh Ravichander: അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നു; വധു ഐപിഎൽ ടീം ഉടമ?
Anirudh Ravichander to Marry Kavya Maran: അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ വർഷം തന്നെ പ്രചരിച്ചിരുന്നു. ഇരുവരും പലയിടങ്ങളിലും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം വാർത്തകൾ വന്നത്.
പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. സൺ ടിവി നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരൻ ആണ് വധുവെന്നാണ് വിവരം. എന്നാൽ, ഇരുവരും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.
അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ വർഷം തന്നെ പ്രചരിച്ചിരുന്നു. ഇരുവരും പലയിടങ്ങളിലും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം വാർത്തകൾ വന്നത്. സൺ ഗ്രൂപ്പ് ചെയർമാനായ കലാനിധി മാരന്റെയും കാവേരിയുടെയും മകളാണ് കാവ്യ മാരൻ. 33കാരിയായ കാവ്യ 2018ലാണ് സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ ചുമതലയേൽക്കുന്നത്. ഇതിന് പിന്നാലെ ടീമിന്റെ എല്ലാ മത്സരങ്ങൾക്കും ഇവർ സ്റ്റേഡിയത്തിൽ എത്താറുണ്ട്.
ധനുഷ് നായകനായ ‘ത്രീ’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച അനിരുദ്ധ്, ചുരുങ്ങിയ കാലം കൊണ്ടുതന്നെ രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത്, സൂര്യ, പവൻ കല്യാൺ, മഹേഷ് ബാബു, ജൂനിയർ എൻടിആർ തുടങ്ങിയ മുൻനിര സൂപ്പർസ്റ്റാറുകളുടെയെലാം സിനിമകൾക്ക് സംഗീതം നൽകി. അനിരുദ്ധിന്റെ പിതാവ് രവി രാഘവേന്ദ്ര നടനും അമ്മ ലക്ഷ്മി ക്ലാസിക്കൽ നർത്തകിയുമാണ്. അദ്ദേഹത്തിന്റെ അമ്മായി ലത വിവാഹം ചെയ്തിരിക്കുന്നത് സൂപ്പർസ്റ്റാർ രജനീകാന്തിനെയാണ്.
ഗായികയും നടിയുമായ ആൻഡ്രിയ ജെറമിയയുമായി അനിരുദ്ധ് നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട്, ഇവർ വേർപിരിഞ്ഞതായി അറിയിച്ചു. അടുത്തിടെ, താരം കീർത്തി സുരേഷുമായി അനിരുദ്ധ് പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികളും പ്രചരിച്ചിരുന്നു. എന്നാൽ, കീർത്തിയും ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായതോടെ ആ ഊഹാപോഹങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു.