Kannappa: ഹാർഡ് ഡ്രൈവ് തിരികെ കിട്ടി; കണ്ണപ്പയുടെ ട്രെയിലർ പുറത്തിറക്കി മോഹൻലാൽ
Mohanlal Releases Kannappa Movie Trailer: കണ്ണപ്പ സിനിമയുടെ ട്രെയിലർ പുറത്തിറക്കി മോഹൻലാൽ. വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ മോഹൻലാൽ കാമിയോ റോളിലാണ് എത്തുക.
മോഹൻലാലിൻ്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം കണ്ണപ്പയുടെ ട്രെയിലർ പുറത്തിറങ്ങി. വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ട്രെയിലർ മോഹൻലാൽ അടക്കമുള്ളവർ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. നേരത്തെ സിനിമയുടെ ഹാർഡ് ഡ്രൈവ് മോഷണം പോയിരുന്നു. ഈ മാസം 27ന് സിനിമ തീയറ്ററുകളിലെത്തും. ഫാൻ്റസി – മിത്തോളജിക്കൽ സിനിമയാണ് കണ്ണപ്പ.
വിഷ്ണു മഞ്ചുവാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. താരം തന്നെയാണ് സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. മോഹൻലാലിനും വിഷ്ണു മഞ്ചുവിനും ഒപ്പം അക്ഷയ് കുമാർ, പ്രഭാസ്, കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും. സിനിമയിൽ കിരാത എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഇത് ഒരു കാമിയോ റോളാണ്. ഷെൽഡൻ ചാവുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നസിനിമയിൽ ആന്തണിയാണ് എഡിറ്റിംഗ്. സ്റ്റീഫൻ ദേവസ്സി സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. 200 കോടി ബജറ്റിലൊരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണം ശ്രീ ഗോകുലം മൂവീസാണ് നിർവഹിക്കുക.




കണ്ണപ്പ ട്രെയിലർ
കഴിഞ്ഞ മാസം 27നാണ് സിനിമയുടെ ഹാർഡ് ഡ്രൈവ് മോഷണം പോയെന്ന വാർത്തകൾ പുറത്തുവന്നത്. സിനിമയിലെ വിഎഫ്എക്സ് ഉൾപ്പെടുന്ന പ്രധാന രംഗങ്ങൾ അടങ്ങിയ ഹാർഡ് ഡ്രൈവ് മോഷണം പോയെന്നായിരുന്നു റിപ്പോർട്ടുകൾ. മുംബൈ ആസ്ഥാനമായ കമ്പനിയാണ് സിനിമയുടെ വിഎഫ്എക്സ് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ കമ്പനി കണ്ണപ്പയുടെ പ്രൊഡക്ഷൻ ഓഫീസിലേക്ക് ഹാർഡ് ഡ്രൈവ് എത്തിച്ചു എന്നും ഓഫീസിലെ രഘു എന്നയാൾ ഇത് സ്വീകരിച്ച് ചരിത എന്നയാൾക്ക് കൈമാറുകയും ചെയ്തു എന്നായിരുന്നു വിവരം. പിന്നീട് ഹാർഡ് ഡ്രൈവ് കാണാതാവുകയായിരുന്നു. പിന്നാലെ സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായ വിജയ് കുമാർ സംഭവത്തിൽ പരാതിനൽകി. സംഭവത്തിൽ പോലീസ് അന്വേഷണവും നടന്നിരുന്നു.