Anupam Kher : ‘ഒരുപാട് സ്വപ്നങ്ങള്‍ മനസില്‍ കണ്ട് 37 രുപയുമായി മുംബൈയില്‍ എത്തി’; ലിങ്ക്ഡ് ഇന്നിൽ തന്റെ സിവി പങ്കുവെച്ചു അനുപം ഖേർ
Anupam Kher Shares Hilarious CV on LinkedIn: ഒരു ജോലിക്കായി സാധാരണ നമ്മൾ തയാറാക്കുന്ന സിവിയിൽ നിന്നും വളരെ വ്യത്യസ്തവും രസകരവുമായ ഒരു സിവി പങ്കുവെച്ച് ബോളിവുഡ് താരം അനുപം ഖേർ.
ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേർ തന്റെ ലിങ്ക്ഡ്-ഇൻ അക്കൗണ്ടിൽ പങ്കുവെച്ച സിവി (കരിക്കുലം വിറ്റെ) ഏറെ ശ്രദ്ധ നേടുകയാണ്. വളരെ വ്യത്യസ്തവും രസകരവുമായ രീതിയിലാണ് സിവി തയ്യാറാക്കിയിരിക്കുന്നത്. സാധാരണ സിവികളിൽ നിന്നും വ്യത്യസ്തമായി സിനിമയിലെ തന്റെ ജീവിതാനുഭവം വെച്ചാണ് അനുപം ഖേറിന്റെ സിവി.
‘എന്റെ ജീവിതം ഒരു സിനിമയാണെങ്കിൽ’ എന്ന വരിയോടെയാണ് സിവി ആരംഭിക്കുന്നത്. ആമുഖം, പ്രവർത്തി പരിചയം, കഴിവുകൾ തുടങ്ങി സാധാരണ ഒരു സിവിയിൽ കാണുന്ന ഘടകങ്ങളെ സിനിമയിലേതെന്ന പോലെ പല സീനുകളായി തിരിച്ചിരിക്കുന്നു. രസകരമായ രീതിയിലാണെങ്കിലും ജനനം മുതൽ, താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും, കണ്ട സ്വപ്നങ്ങളും, ഒടുവിൽ സിനിമയിലേക്കുള്ള വരവും വരെയുള്ള കാര്യങ്ങൾ സിവിയിൽ ഉൾപ്പെടുന്നു.
അനുപം ഖേർ, തന്റെ പ്രവർത്തി പരിചയത്തെ ഒരു നാടകമെന്ന പോലെ നാലായി തിരിച്ചിരിക്കുന്നു. ഒന്നാമത്തെ രംഗം ഒരു നടനവാനായി ബുദ്ധിമുട്ടിയിരുന്ന കാലഘട്ടത്തെ സൂചിപ്പിക്കുന്നു. സിനിമയെന്ന തന്റെ സ്വപ്നത്തെ പിന്തുടരുന്ന ഒരു ചെറുപ്പക്കാരന്റെ കഥാപാത്രത്തിലാണ് അദ്ദേഹം എത്തുന്നത്. മനസ് നിറയെ സ്വപ്നങ്ങളും പോക്കറ്റിൽ വെറും 37 രൂപയുമായി മുംബൈയിൽ വന്നിറങ്ങി, സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് ക്ഷമയും, സ്ഥിരോത്സാഹയും എന്തെന്ന് പഠിക്കുന്നതാണ് ആദ്യ രംഗം.
രണ്ടാമത്തെ രംഗം ജീവിതത്തിലെ വഴിത്തിരിവായ സിനിമയാണ്. 28-ആം വയസിൽ 68 വയസ് പ്രായമുള്ള റിട്ടയേർഡായ ഒരാളുടെ വേഷമാണ് അണിഞ്ഞത്. അവാർഡുകളും ആദരവും പിന്നെ ബോളിവുഡിലെ ഐതിഹാസികമായ ഒരു യാത്രയുടെ തുടക്കത്തിലേക്കും വഴിവെച്ച സിനിമ. ആ ചിത്രം അദ്ദേഹത്തിന്റെ കരിയർ മാത്രമല്ല ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റി. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് അദ്ദേഹം ഇതിലൂടെ മനസിലാക്കി.
മൂന്നാമത്തെ രംഗം 500-ലധികം സിനിമകൾ ചെയ്തതിന് ശേഷമുള്ളതാണ്. ഏത് രൂപത്തിലേക്കും മാറാൻ കഴിവുള്ള വ്യക്തിയായാണ് അടുത്ത റോൾ. കോമഡി മുതൽ നാടക കഥാപാത്രങ്ങളടക്കം അണിയാത്ത വേഷങ്ങളില്ല. സഹാനുഭൂതി, നർമ്മം തുടങ്ങി ഓരോന്നിലും നിന്ന് പുതിയോരോ കാര്യങ്ങൾ പഠിച്ചു. ബോളിവുഡ്, ഹോളിവുഡ്, നാടകം തുടങ്ങിയ എല്ലാം തന്നെ ഒരിക്കലും മായാത്ത അഭിനിവേശത്തോടെ ചെയ്തു.
അവസാനത്തെ രംഗത്തിലെ വേഷം എന്തെന്ന് ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ് അനുപം. അടുത്ത വേഷമാണ് എപ്പോഴും എന്റെ പ്രിയപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. ഇനിയും ഒരുപാട് കഥകൾ പറയാനും വേഷങ്ങൾ ചെയ്യാനുമുണ്ട്. തന്റെ ജീവിതത്തിലേക്ക് വരുന്ന എല്ലാ സാഹസികത നിറഞ്ഞ സംഭവങ്ങളെയും താൻ തുറന്ന മനസോടെ സ്വീകരിക്കും. അതിനെല്ലാമുപരി, പരിപാടി മുന്നോട്ട് പോകണം. അതിനാൽ ജീവിതമാകുന്ന സിനിമയിലെ തന്റെ അടുത്ത വലിയ സീനിനായി കാത്തിരിക്കുകയാണെന്ന് എഴുതി, അനുപം പ്രവർത്തി പരിചയം എന്ന വിഭാഗം അവസാനിപ്പിച്ചു.
ഇതോടെ തീർന്നില്ല, അനുപം ഖേർ തന്റെ ജീവിത തത്വവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ‘ഞാൻ എന്നും ഒരു വിദ്യാർത്ഥിയാണ്, ജീവിതകാലം മുഴുവൻ ഓരോ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്, എന്നും ഞാൻ വളർന്നു കൊണ്ടിരിക്കും’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് വിവരണം.
“ഒരു സാധാരണക്കാരിൽ സാധാരണക്കാരനായി വന്ന്, ഇന്ന് ആഗോള സിനിമകൾ വരെ എത്തിനിൽക്കുമ്പോൾ ഞാൻ മനസിലാക്കിയ ഒരു പ്രധാന കാര്യം പരിമിതികൾ മനസിന് മാത്രമാണ് എന്നുള്ളതാണ്. ഞാൻ പരാചയങ്ങൾ കാണാറില്ല പകരം പുതിയ പാഠങ്ങൾ പഠിക്കുന്നു. ഞാൻ വെറുതെ ജീവിക്കുകയല്ല അതനുഭവിക്കുകയാണ്. സിനിമകളിലൂടെയായാലും പുസ്തകത്തിലൂടെയായാലും സംസാരത്തിലൂടെ ആയാലും എന്റെ ലക്ഷ്യം ലളിതമാണ്: സ്വന്തം പാത കണ്ടുപിടിക്കാനും അതിലേക്കുള്ള യാത്രയിൽ എതിരെ വരുന്ന കാര്യങ്ങളെ ചിരിച്ചുകൊണ്ട് നേരിടാനും മറ്റുള്ളവരെ പ്രാപ്തരാക്കുക.” എന്നെഴുതികൊണ്ട് അനുപം സിവി പൂർത്തിയാക്കി.